മലപ്പുറം: മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്കിനെതിരെ പി വി അൻവർ എംഎൽഎയുടെ വക്കീൽ നോട്ടീസ്. അധിക്ഷേപങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് എംഎൽഎയുടെ മുന്നറിയിപ്പ്. റീബിൽഡ് നിലമ്പൂരിനെതിരെയും വ്യക്തിപരമായും ജില്ലാ കളക്ടർ നുണ പ്രചാരണം നടത്തിയെന്നാണ് പി വി അൻവറിന്റെ ആരോപണം. 

അസത്യം വിളിച്ചു പറഞ്ഞ് വ്യക്തിപരമായി ഉണ്ടാക്കിയ മാനക്കേടിന് ഉത്തരം പറയണം എന്ന് കാണിച്ചാണ് അൻവർ ഹൈക്കോടതിയിൽ  ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അസത്യം വിളിച്ചു പറഞ്ഞ് വ്യക്തിപരമായി ഉണ്ടാക്കിയ മാനക്കേടിന് കളക്ടർ ഉത്തരം പറയണം എന്ന് ഹർജിയിലാവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനകം മറുപടി തന്നില്ലെങ്കിൽ സിവിലായും ലീഗലായും നീങ്ങുമെന്ന് അൻവർ അറിയിച്ചു. 

എടക്കര ചെമ്പൻകൊല്ലിയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ വിജിലൻസിനെ സമീപിച്ചു. കളക്ടർ ഭൂമി ഇടപാട് ചട്ടങ്ങൾ മറികടന്നെന്നാണ് ആരോപണം. ഭൂരഹിത പട്ടികവർഗക്കാർക്ക് ഭൂമി വാങ്ങാനുള്ള മാനദണ്ഡം സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്. എന്നാൽ കളക്ടർ അത് പാലിച്ചില്ലെന്ന് എംഎൽഎ ആരോപിക്കുന്നു. പത്രപരസ്യം പോലും നൽകാതെ സ്വന്തം നിലക്ക് കളക്ടര്‍ ഭൂമി വാങ്ങി. വനം റെയ്ഞ്ച് ഓഫീസറും പഞ്ചായത്തും അറിയണമെന്ന മാനദണ്ഡം പാലിച്ചില്ല. പർച്ചേസ് കമ്മറ്റി കണ്ടെത്തിയ ആളുകളെ ഒഴിവാക്കുമ്പോൾ അതിന് കാരണം പറയണമെന്ന് വ്യവസ്ഥയുണ്ട്. അത് പാലിച്ചിട്ടില്ല. താൻ നിര്‍ദ്ദേശിച്ച 12 ഏക്കർ ഭൂമി വാങ്ങണമെന്ന് പറഞ്ഞതായാണ് കളക്ടര്‍ ആരോപിക്കുന്നത്. ആ ആരോപണം തെളിയിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും പി വി അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടു. 

കവളപ്പാറയിലെ പുനരധിവാസത്തിന്‍റെ കാര്യത്തില്‍ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങളാണ് എംഎൽഎയും ജില്ലാ കളക്ടറും തമ്മിലുള്ള പരസ്യമായ പോരിലെത്തിനിൽക്കുന്നത്. തെറ്റായ കാര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ തന്നെ ധിക്കാരിയാക്കുകയാണെന്നാണ് കളക്ടറുടെ വാദം. എന്നാൽ, കളക്ടർ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമിക്കുന്നതെന്നാണ് അൻവറിന്റെ ആരോപണം. 

Read Also: കവളപ്പാറ പുനരധിവാസത്തില്‍ പോര് തുടര്‍ന്ന് എംഎല്‍എയും കളക്ടറും; ഭീഷണിക്ക് വഴങ്ങില്ലെന്ന് കളക്ടര്‍