മലപ്പുറം: കവളപ്പാറ പുനരധിവാസത്തിന്‍റെ പേരില്‍ മലപ്പുറം ജില്ലാ കളക്ടറും നിലമ്പൂര്‍ എംഎൽഎ പി വി അൻവറും തമ്മിലുള്ള പോര് തുടരുന്നു. തെറ്റായ കാര്യങ്ങള്‍ക്കും  ഭീഷണിക്കും വഴങ്ങില്ലെന്ന് കളക്ടര്‍ ജാഫര്‍ മാലിക് ഫേസ്‍ബുക്  പോസ്റ്റില്‍ പറഞ്ഞു. പുനരധിവാസ പ്രവത്തനങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കളക്ടർ ശ്രമിക്കുന്നു എന്നായിരുന്നു എംഎൽഎയുടെ ആരോപണം 

മലപ്പുറം നിലമ്പൂർ ചെമ്പൻകൊല്ലിയിൽ നിർമ്മിക്കുന്ന 35 വീടുകൾ കവളപ്പാറ നിവാസികൾക്ക് നൽകണമെന്നാവശ്യപ്പെട്ട് പി വി അൻവറിന്റെ നേതൃത്വത്തിൽ നിർമാണപ്രവർത്തി തടഞ്ഞതോടെയാണ് എംഎൽഎ കളക്ടർ പോര് പരസ്യമായത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കളക്ടർ ശ്രമിക്കുകയാണെന്ന എംഎല്‍എയുടെ ആരോപണത്തിന്  തൊട്ട് പിന്നാലെ അദ്ദേഹം ചെയർമാനായ റീ ബിൽഡ് നിലമ്പൂർ പദ്ധതിക്കെതിരെ കളക്ടർ രംഗത്തെത്തി. 

തെറ്റായ കാര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ തന്നെ ധിക്കാരി ആക്കുകയാണെന്നും പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കാണിച്ച് കളക്ടർ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.  

കളക്ടറുടെ പോസ്റ്റ് , രാഷ്ട്രീയ എതിരാളികളെ കൊണ്ട് തന്നെ തെറി പറയിക്കാൻ ഇട്ടതാണെന്ന് കാണിച്ച് പിന്നാലെ അൻവർ ഫേസ് ബുക്കിൽ മറ്റൊരു പോസ്റ്റിട്ടു. മാസങ്ങളായി ഓഡിറ്റോറിയത്തിൽ കഴിയുന്ന കവളപ്പാറക്കാർക്ക് പ്രഥമപരിഗണന വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കുന്നു. എന്നാൽ റീ ബിൽഡ് നിലമ്പൂർ പദ്ധതിക്കെതിരെയുള്ള കളക്ടറുടെ വിമർശനത്തിൽ എംഎൽഎ പ്രതികരിച്ചിട്ടില്ല.

Read Also: സ്ഥലം മാറ്റത്തിന് ഒരു ദിവസം പാക്കിംഗ് മതി: പിവി അൻവറിന് മലപ്പുറം കളക്ടറുടെ മറുപടി