നടൻ വിനായകന്റെ സഹോദരനെതിരായ പൊലീസ് നടപടിയില്‍ കോടതി ഇടപെടല്‍; കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാൻ ഉത്തരവ്
കേസ് കഴിയുംവരെ വാഹനം വില്‍കരുതെന്നും ആവശ്യപ്പെട്ടാല്‍ കോടതി സമക്ഷം ഹാജരാക്കണം എന്നുമുള്ള ഉപാധിയോടെയാണ് നടപടി.

കൊച്ചി: ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിൽ പൊലീസ് പിടികൂടിയ നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ വിട്ടുനൽകാൻ കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് കഴിയുംവരെ വാഹനം വില്‍കരുതെന്നും ആവശ്യപ്പെട്ടാല്‍ കോടതി സമക്ഷം ഹാജരാക്കണം എന്നുമുള്ള ഉപാധിയോടെയാണ് നടപടി. നാളെ വൈകിട്ട് 4 ന് വാഹനം എറണാകുളം സിറ്റി ട്രാഫിക് പൊലീസ് വെസ്റ്റ് സ്റ്റേഷനില്‍ നിന്നും ഇറക്കുമെന്ന് വിക്രമൻ പറഞ്ഞു. എംജി റോഡിൽ നോ പാർക്കിംഗ് സ്ഥലത്ത് ഓട്ടോ നിർത്തിയിട്ടെന്ന് ആരോപിച്ചായിരുന്നു ട്രാഫിക് പൊലീസ് വാഹനം 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തത്.
വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് വിനായകന്റെ സഹോദരൻ വിക്രമനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 283ാം വകുപ്പും, മോട്ടോർ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്ഐആർ. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. നീ നടൻ വിനായകന്റെ ചേട്ടനല്ലേ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമൻ ആരോപിച്ചു. എന്നാൽ വിക്രമൻ വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ പൊലീസുകാർ, നടൻ വിനായകന്റെ ജേഷ്ഠനാണ് അദ്ദേഹമെന്ന് അറിഞ്ഞത് പിന്നീടാണെന്നും പറഞ്ഞു.
Also Read: നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പൊലീസിന്റെ കസ്റ്റഡിയിൽ; പകപോക്കുന്നെന്ന് വിക്രമൻ