Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേത്? ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ടെത്തണമെന്ന് കോടതി

മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 

court says the how footage leaked  of the actress attack case should find out
Author
Kochi, First Published Jul 16, 2022, 12:28 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ഉപയോഗിച്ച്  ദൃശ്യങ്ങൾ താൻ ഇതേവരെ കണ്ടിട്ടില്ലെന്ന് വിചാരണക്കോടതി ജ‍ഡ്ജി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ട് പോലും തയ്യാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർ‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറൻസിക് റിപ്പോർട്ടിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് വാക്കാൽ പറഞ്ഞു.

നടിയെ ആക്രമിച്ച് പകർത്തിയ മെമ്മറി കാർ‍‍‍ഡിലെ ദൃശ്യങ്ങൾ  വിചാരണക്കോടതിയുടേതടക്കം മൂന്ന് കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്ന് പരിശോധിച്ചെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 നും 12.54 നും മധ്യേ ജിയോ സിമ്മുളള വിവോ ഫോണിലിട്ടാണ് അവസാനമായി തുറന്നത്.  ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫൊറൻസിക് റിപ്പോർട്ട് ഇന്ന് വിചാരണക്കോടതിൽ സമർപ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വർഗീസിന്‍റെ പരാമർശങ്ങൾ.  

മെമ്മറി കാർഡ്‌ ഉപയോഗിച്ച വിവോ ഫോൺ ആരുടേതാണ്, അതിന്‍റെ ടവർ ലൊക്കേഷൻ എവിടെയാണ്, അന്ന് ഈ ടവർ ലൊക്കേഷനിൽ ആരൊക്കെയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. ഇതിന്‍റെ പേരിൽ  കോടതിയെ സംശയത്തിൽ നിർത്തുന്നത് ശരിയല്ല.  ഈ  ദൃശ്യങ്ങൾ കാണാൻ തനിക്ക് പ്രത്യേകിച്ച് താത്പര്യം ഒന്നുമില്ല.  ദൃശ്യങ്ങൾ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ തന്നോട് മൂന്നുനാലുവട്ടം ചോദിച്ചപ്പോഴും ബിഗ് നോ എന്നായിരുന്നു തന്‍റെ  മറുപടി. കേസിന്‍റെ  വിചാരണ ഘട്ടത്തിലാണ് ദൃശ്യങ്ങൾ പരിശോധിക്കേണ്ട ഉത്തരവാദിത്തം കോടതിയ്ക്കുളളത്.  നടിയെ ആക്രമിച്ച കേസിന്‍റെ  തുടരന്വേഷണം അവസാനിപ്പിക്കുന്നതിൽ എന്തായി തീരുമാനമെന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios