Asianet News MalayalamAsianet News Malayalam

പ്രളയ ദുരിതാശ്വാസത്തുക നൽകിയില്ല; സർക്കാർ വാഹനം ജപ്തി ചെയ്തു, നടപടി മുൻസിഫ് കോടതി ഉത്തരവിനെത്തുടർന്ന്

 എറണാകുളം കളക്ട്രേറ്റിൽ എത്തിയാണ് വാഹനത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചത്. കടമക്കുടി സ്വദേശി കെ പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ നടപടി.

Court seizes government vehicle after non-payment of flood relief amount
Author
First Published Nov 25, 2022, 12:58 PM IST

കൊച്ചി: പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെ തുടർന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു.  എറണാകുളം കലക്ട്രേറ്റിൽ എത്തിയാണ് വാഹനത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചത്. കടമക്കുടി സ്വദേശി കെ പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ നടപടി. 

2018 പ്രളയത്തിലാണ് കടമക്കുടി സ്വദേശി സാജുവിന്‍റെ വീട് തകർന്നത്.വെള്ളമിറങ്ങിയ ശേഷം അറ്റകുറ്റപണി നടത്താൻ പോലുമാകാതെ വീട് താമസയോഗ്യമല്ലാതായി. ഇതിനിടയിൽ വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർ വീട്ടെലെത്തി നഷ്ടപരിഹാരം വിലയിരുത്തി. നടപടികൾ വേഗത്തിലാക്കാൻ ലോക് അദാലത്തിലും സാജു ഹർജി നൽകി. ഇതിലാണ് രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ട പരിഹാരം നൽകാൻ ലോക് അദാലത്ത് കഴിഞ്ഞ വർഷം ഉത്തരവിട്ടത്. എന്നാൽ ഉദ്യോഗസ്ഥർ പണം അനുവദിച്ചില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി സാജു എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ എത്തി വാഹനത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചത്.

ആറ് ലക്ഷത്തോളം രൂപ വായ്പയെടുത്താണ് സാജു വീട് പണിതത്. പ്രളയത്തിന് ശേഷം ആകെ കിട്ടയത് സർക്കാർ അടിയന്തര സഹായമായി പ്രഖ്യാപിച്ച 10000രൂപ മാത്രമാണ്. എറണാകുളം ജില്ലയിൽ മാത്രം വീടിന് നഷ്ടപരിഹാരം തേടി നൂറ് കണക്കിന് അപേക്ഷകളാണ് ചുവപ്പുനാടയിൽ കുരുങ്ങിയത്. സാജുവിന് അനുകൂലമായ നടപടികൾ ദുരന്ത നിവാരണ അതോറിറ്റിക്ക് കോടതിയുടെ മുന്നറിയിപ്പാണ്. 

2018 ലെ പ്രളയത്തിൽ വീടിന് ഉണ്ടായ നാശത്തിനുള്ള നഷ്ടപരിഹാരം ഇത് വരെ കിട്ടാത്തതിനാലാണ് നീതി തേടി കോടതിയെ സമീപിക്കേണ്ടി വന്നതെന്ന്
കടമക്കുടി സൗദേശി കെ പി സാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാല് വർഷമായിട്ടും നഷ്ടപരിഹാരം കിട്ടാത്ത അനേകം പേർ ഉണ്ടെന്നും സാജു പറയുന്നു. 

Follow Us:
Download App:
  • android
  • ios