തിരുവനന്തപുരം: കവിയൂർ കൂട്ടമരണത്തിൽ സിബിഐ റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. മകൾ പീഡിപ്പിക്കപ്പെട്ടതിന്‍റെ വിഷമത്താൽ കുടുംബം ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ റിപ്പോർട്ട്.

കിളിരൂർ പീ‍ഡനക്കേസിലെ പ്രതിയായ ലതാനായർക്ക് താമസസൗകര്യം നൽകിയത് പുറം ലോകമറിഞ്ഞതിലെ മാനസിക വിഷമവും കാരണമായെന്നും സിബിഐ കണ്ടെത്തിയിരുന്നു. മരിച്ചതിൽ പെണ്‍കുട്ടി ലൈംഗിക പീഡ‍നത്തിന് ഇരയായെന്നും സിബിഐ റിപ്പോർട്ടില്‍ പറയുന്നു. പക്ഷെ ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞില്ല.

പെണ്‍കുട്ടിയുടെ അച്ഛൻ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ ആദ്യമൂന്ന് റിപ്പോർട്ടുകള്‍. എന്നാൽ അതിന് തെളിവില്ലെന്ന് തുടരന്വേഷണം നടത്തിയ നാലമത്തെ റിപ്പോർട്ട് സിബിഐ നൽകിയിരുന്നു. എന്നാൽ വസ്തുതാവിരുദ്ധമായ സിബിഐ റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട മരിച്ചവരുടെ കുടുംബമാണ് സിബിഐ കോടതിയെ സമീപിച്ചത്. 2004 സെപ്തംബർ 28ന് കവിയൂരിൽ ഒരു ക്ഷേത്ര പൂജാരിയെയും ഭാര്യയെയും മൂന്നു മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.