സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം: വിസ്മയ കേസില്‍ (Vismaya Case) തിങ്കളാഴ്ച്ച വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 ന് അയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്ത്രീധനമരണം, സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭിഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരൺ കുമാര്‍ മാത്രമാണ് പ്രതി.

ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.