കോഴിക്കോട്: സോളാർ കേസില്‍  സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും. മുന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പറഞ്ഞു.

കോഴിക്കോടുള്ള വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.

അതിനിടെ അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നിരുന്നു.

കേസിൽ പൊലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.