നേമത്ത് മത്സരിക്കാമോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് വിഡി സതീശൻ. അതിനൊന്നും മറുപടി പറയാൻ താനില്ലെന്ന് സതീശൻ മാധ്യമങ്ങളോട്
തിരുവനന്തപുരം: നേമത്ത് മത്സരിക്കാമോ എന്ന വി ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനൊന്നും മറുപടി പറയാൻ താനില്ലെന്നും ദിവസവും തനിക്കെതിരെ 10 കാർഡ് ഇറക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. ശിവൻകുട്ടി വലിയ ഒരാൾ ആണ്. അദ്ദേഹം നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ്. എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ല. തെരഞ്ഞെടുപ്പിൽ ചർച്ചയാവുക പൊളിറ്റിക്കൽ അജണ്ടയാണെന്നും സതീശൻ പറഞ്ഞു.
തരൂർ നേരത്തെ തന്നെ സജീവമാണ്. ഈ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ മുഖം ഉണ്ടാവും. ഞങ്ങളുടെ അഭിമാനമാണ് തരൂർ. 100 സീറ്റുകളിൽ അധികം നേടാനുള്ള പോരാട്ടത്തിന്റെ മുഖമായിരിക്കും. എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും, മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ദിവസവും 20 കാർഡ് എകെജി സെന്ററിൽ നിന്ന് ഇറങ്ങുന്നുണ്ട്. 10 കാർഡ് മന്ത്രിയുടെ ഓഫീസിൽ നിന്നും ഇറങ്ങുന്നു. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും എന്നെ ഇങ്ങനെ ഒന്നും സഹായിക്കല്ലേ എന്നെ തോട്ടിയിട്ട് പിടിക്കാനുള്ള ശ്രമം ആണ്. അദ്ദേഹത്തിനെതിരെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല. അതിൽ നിന്ന് വഴി തിരിക്കാനാണ് ഈ തോണ്ടലും പിച്ചലുമെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.


