തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനയ്ക്കായുള്ള റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറങ്ങി. ആരോഗ്യപ്രവർത്തകരും, പൊലീസുകാരും ഉൾപ്പടെയുള്ള ഒന്നാം നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് റാപിഡ് ആന്റിബോഡി ടെസ്റ്റിൽ മുൻഗണന. 20 മിനുറ്റിനുള്ളിൽ ഫലമറിയാനാവുന്ന പരിശോധനയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്.  

ആന്റിബോഡിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കൊവിഡ് 19 വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്ന രീതിയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്. സംസ്ഥാനത്ത് നേരത്തെ നടന്ന റാപിഡ് ടെസ്റ്റുകളിൽ സ്രവമാണ് രോഗിയിൽ നിന്ന് ശേഖരിച്ചിരുന്നതെങ്കിൽ, ആന്റിബോഡി ടെസ്റ്റിൽ രക്തമാണ് എടുക്കുക. ഗർഭപരിശോധന സ്ട്രിപ്പിന്റെ മാതൃകയിൽ ഒരു തുള്ളി രക്തം  വീണാൽ 20 മിനിറ്റിനുള്ളിൽ കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടോ എന്നറിയാം. 

ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് ഈ പരിശോധന തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത അനുപാതം അനുസരിച്ചാണ് കിറ്റുകൾ ജില്ലകൾക്കായി വിഭജിക്കുക. ആരോഗ്യപ്രവർത്തകൾക്കാണ് പ്രാഥമിക മുൻഗണന. കൊവിഡ് 19 രോഗികളുമായി നേരിട്ട് ഇടപഴകിയ ആരോഗ്യപ്രവർത്തകായി  ആദ്യ 25000 കിറ്റുകൾ ഉപയോഗിക്കും.  നേരിട്ട് ഇടപഴകിയിട്ടില്ലാത്തവർക്കായി 15000 കിറ്റുകൾ  മാറ്റിവയ്ക്കും.

പൊലീസുകാർ, ഹെൽത്ത് വ‍ർക്കേഴ്സ്, അംഗനവാടി ജീവനക്കാർ എന്നിവർക്കാണ് അടുത്ത പരിഗണന. 20000 കിറ്റുകൾ ഇതിനായി ചെലവഴിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി 25000 കിറ്റുകളും, അറുപത് വയസ്സിന് മുകളിലുള്ളവർക്കായി 20000 കിറ്റുകളും ഉപയോഗിക്കും. ആന്റിബോഡി ടെസ്റ്റുകൾ ഫലപ്രദമാണോ എന്ന് ഉറപ്പിക്കാനായി നിലവിലുള്ള കൊവിഡ് 19 രോഗികളിൽ സാമ്പിൾ ടെസ്റ്റ് നടത്തണം. ഈ ഫലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ തുടർപരിശോധനകൾ നടത്തൂ. ജീല്ലാ കളക്ടർക്കും അഡീഷണൽ ഡിഎച്ച്എസിനുമാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നതിനുള്ള ചുമതല. 

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ആന്റിബോഡ് ടെസ്റ്റ് കിറ്റുകൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കിറ്റുകളോടെ ആന്റിബോഡി ടെസ്റ്റ് തുടങ്ങാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ‍ നിലവിൽ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സമൂഹ വ്യാപന സാധ്യതകൾ‌ പൂർണമായും തള്ളിക്കളയുന്നതിനും കൂടിയാണ് ആന്റിബോഡി ടെസ്റ്റുകൾ നടത്തുന്നത്