കൊച്ചി: ഇറ്റലിയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ പത്തു യാത്രക്കാരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്. കൊച്ചിയിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

അതേസമയം, പത്തനംതിട്ടയിൽ കൊവിഡ് 19 ബാധിച്ച വൃദ്ധയുടെ നില ആശങ്കാജനകമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിന് പിന്നാലെയാണ് ഇവർക്ക് കോവിഡും ബാധിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിയായ കുടുംബനാഥന്‍റെ അമ്മയാണ് ഇവർ. 92 വയസ്സുള്ള അച്ഛനും രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ തുടരുകയാണ്. ഇരുവരും പ്രത്യേക നിരീക്ഷണത്തിലാണ്. റാന്നി സ്വദേശികളായ ദമ്പതികളുടെ മകനും മകളും ചികിതസയിൽ തുടരുന്നു. 

ഇറ്റലിയിൽ നിന്നും 52 പേരാണ് മൂന്നു വിമാനങ്ങളിലായി പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഇവരെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ട് കുട്ടികളും രണ്ട് ഗർഭിണികളുമുണ്ട്. എല്ലാവരുടെയും സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. ഫലം നെഗറ്റീവ് ആണെങ്കിൽ ഇവരെ വീടുകളിലേക്ക് അയക്കും. 

കളമശ്ശേരി മെഡിക്കൽ കോളേജിനു പുറമെ ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി എന്നീ സർക്കാർ ആശുപത്രികൾ, തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജ്, വിമാനത്താവളം എന്നിവിടങ്ങളിൽ പരിശോധനകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 

'മൂന്ന് വയസ്സുകാരന്‍റെ നില തൃപ്തികരം'

കൊവിഡ് സ്ഥിരീകരിച്ച് കളമശ്ശേരിയിൽ ചികിത്സയിലുള്ള മൂന്നു വയസ്സുകാരന്‍റെയും മാതാപിതാക്കളുടെയും ആരോഗ്യനില തൃപ്തികരമാണ്. കളമശ്ശേരിയിലെ ഐസോലേഷൻ വാർഡിൽ ഇപ്പോൾ 33 പേരാണുള്ളത്. ജില്ലയിൽ 347 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.   

ഇതിനിടെ കൊവിഡ് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തിയതിന് കൊച്ചിയിൽ ഇന്ന് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സ്വകാര്യ ആശുപത്രിയുടെ പരാതിയിൽ ചേരാനെല്ലൂർ പോലീസാണ് കേസെടുത്തത്. വ്യാജ പ്രചാരണത്തിന് കൊച്ചിയിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

പത്തനംതിട്ട

കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 30 ആയി. വീടുകളിൽ  തുടരുന്നവർക്ക്  ഭക്ഷണ സാധനവും കുടിവെള്ളവും എത്തിക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു. നിരീക്ഷണത്തിൽ തുടരാൻ തയ്യാറാകാത്തവർക്കെതിരെ പോലീസിനെ  ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ആറ്റുകാൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ വീണ പൊലീസുദ്യോഗസ്ഥന് കൊവിഡ് രോഗമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് തിരികെയെത്തിയ കുടുംബം പത്തനംതിട്ട എസ്‍പി ഓഫീസിലെത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനാണ് ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണത്.

കൂടുതൽ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട റാന്നിയിൽ കുടിവെളളവും ഭക്ഷണവും എത്തിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നാണ് ജില്ലാ കളക്ടർ പി ബി നൂഹ് വ്യക്തമാക്കിയത്. ജനപ്രതിനിധികളുടെ യോഗം ജില്ലാ ഭരണകൂടം വിളിച്ചു ചേർത്തു. 900 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ അവഗണിച്ചാൽ പൊലീസിനെ ഉപയോഗിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ഒരാഴ്ച നിർണായകമെന്നാണ് ആരോഗ്യവകുപ്പിന്‍റെയും വിലയിരുത്തൽ. നിരീക്ഷണം കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

ഇതിനിടെ ജില്ലയിൽ കുടുതൽ ഐസൊലേഷൻ വാർഡുകൾ തുറക്കാൻ തീരുമാനമായി. റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ തുറക്കുക. 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.