Asianet News MalayalamAsianet News Malayalam

സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎല്‍എയും ഹോം ക്വാറന്റീനില്‍

കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കിട്ടതിനാലാണ് ഇരുവരോടും നിരീക്ഷണത്തിൽ കഴിയാന്‍ ആവശ്യപ്പെട്ടത്. 

covid 19 actor suraj venjaramoodu in home quarantine
Author
Thiruvananthapuram, First Published May 25, 2020, 1:42 PM IST

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎൽഎ ഡി കെ മുരളിയും വീട്ടില്‍ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ്. കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കിട്ടതിനാലാണ് ഇരുവരോടും നിരീക്ഷണത്തിൽ കഴിയാന്‍ ആവശ്യപ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച സുഭിക്ഷം പദ്ധതിയുടെ ഭാഗമായി സുരാജ് വെഞ്ഞാറമൂട്ടിലെ ഭൂമിയിൽ കൃഷി ആരംഭിക്കുന്നതിന്‍റെ ഉദ്ഘാടനം നടന്നിരുന്നു. ഈ ചടങ്ങിൽ വെഞ്ഞാറമൂട് സിഐയുടെ കൂടെ എംഎൽഎയും പങ്കെടുത്തു. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സിഐ ഉള്‍പ്പെടെയുള്ളവർ നിരീക്ഷണത്തിലായി. കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള സിഐ പങ്കെടുത്ത ചടങ്ങായതുകൊണ്ടാണ് സുരാജിനോടും എംഎൽഎയോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് സുരാജ് വെഞ്ഞാറമൂട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി റിമാൻഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ 50 പൊലീസുകാരാണ് നിരീക്ഷണത്തിൽ പോകേണ്ടി വന്നത്. ഇയാൾക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. വെഞ്ഞാറമൂട് സ്വദേശിയായ നാൽപ്പതുകാരനാണ് തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് വ്യാജചാരായം കടത്തിയ ഇയാളെ വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. തുടർന്ന് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ജയിലിൽ കൊണ്ടുപോകും മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 

Follow Us:
Download App:
  • android
  • ios