കൊച്ചി/ മലപ്പുറം/ ആലപ്പുഴ: കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ, പൊതുപരിപാടികളെല്ലാം തൽക്കാലം നിർത്തി വയ്ക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ച് സംസ്ഥാനത്ത് നാല് ജില്ലാ ആസ്ഥാനങ്ങളിൽ കള്ള് ഷാപ്പ് ലേലം. എറണാകുളം, മലപ്പുറം, ആലപ്പുഴ, കണ്ണൂർ കളക്ടറേറ്റുകളിലാണ് കള്ള് ഷാപ്പ് ലേലം തുടങ്ങിയത്. നടപടികൾ വിവാദമായതിനെത്തുടർന്ന് എറണാകുളത്തെ ലേലനടപടികൾ നിർത്തി. കണ്ണൂരിൽ കോൺഗ്രസ് പ്രതിഷേധത്തെത്തുടർന്ന് ലേലം നിർത്തി.

എറണാകുളം കളക്ടറേറ്റിൽ ഉദ്യോഗസ്ഥർ ഉൾപ്പടെ ഇരുന്നൂറോളം പേരാണ് ലേലത്തിനെത്തിയത്. കളക്ടറുടെ ഓഫീസിനടുത്തുള്ള ഹാളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുമ്പോൾ നിരവധി പേരാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിക്കൊണ്ടിരുന്നത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് ലേലം നിയന്ത്രിച്ചത്. കള്ള് ഷാപ്പ് ലേലത്തിൽ പങ്കെടുക്കാൻ വരുന്നവർ മാത്രമല്ല, മറ്റ് അടിയന്തരകാര്യങ്ങൾക്കായി പല ജനങ്ങൾക്കും വരേണ്ട ഇടമാണ് കളക്ടറേറ്റ്. ഇവിടെയാണ് ആളുകളെ കൂട്ടത്തോടെ നിർത്തി ഒരു പരിപാടി എഡിഎമ്മിന്‍റെ നേതൃത്വത്തിൽ ഈ ലേലം നടത്തിയത് എന്നതാണ് ഏറ്റവും ഗൗരവതരമായ വിഷയം. 

മലപ്പുറത്തും സ്ഥിതി സമാനമായിരുന്നു. കളക്ടറുടെ ചേംബറിനടുത്തുള്ള ഹാളിൽ നടക്കുന്ന ലേലത്തിലേക്ക് നിരവധി പേർ എത്തുന്നു. നിരവധി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. വാർത്ത വിവാദമായപ്പോഴും മലപ്പുറത്ത് ലേലം തുടർന്നു. ആലപ്പുഴയിലാകട്ടെ എക്സൈസ് ഓഫീസിലായിരുന്നു ലേലം. കൃത്യമായി മുൻകരുതൽ എടുത്ത് ആളുകൾ അകലം പാലിച്ചാണ് ലേലത്തിൽ പങ്കെടുക്കുന്നത് എന്നായിരുന്നു ആലപ്പുഴയിലെ എക്സൈസ് അധികൃതർ വിശദീകരണം.

എന്നാൽ ആരോഗ്യവകുപ്പ് നിർദേശിച്ച എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് ലേലം നടക്കുന്നത് എന്നായിരുന്നു വിവരമന്വേഷിച്ചപ്പോൾ അധികൃത‍രുടെ മറുപടി. ഹാൻഡ് സാനിറ്റൈസറുകളും മാസ്കുകളും വച്ചുകൊണ്ടാണ് എല്ലാ ഉദ്യോഗസ്ഥരും ലേലത്തിനെത്തിയത്. എന്നാൽ ലേലത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ഇത്തരം മുൻകരുതലുകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഇവർക്കും മാസ്കുകൾ നൽകുമെന്നും, ഘട്ടം ഘട്ടമായി മാത്രമേ ആളുകളെ ഹാളിലേക്ക് കയറ്റി വിടൂ എന്നുമായിരുന്നു അധികൃതർ അറിയിച്ചത്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കുകയാണെന്നും, ലേലം ഇപ്പോൾത്തന്നെ നടത്തിയേ തീരൂ എന്നും, ഇതല്ലെങ്കിൽ വേറെ സമയമില്ല എന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. 

വിവാഹച്ചടങ്ങുകളിൽ 100-ൽ കൂടുതൽ പേർ പാടില്ല, ആരാധനാലയങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുത് എന്ന് സർക്കാർ കനത്ത ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് എഡിഎമ്മിന്‍റെ തന്നെ നേതൃത്വത്തിൽ ആളുകളെ വിളിച്ച് കൂട്ടി ഒരു പരിപാടി നടത്തുന്നത്.

2020 മാർച്ച് 20-ന് കേരള സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കള്ള് ഷാപ്പ് ലേലം നടത്താൻ നിർദേശമുണ്ടായിരുന്നു എന്നും, ഇത് നടപ്പാക്കിയേ തീരൂ എന്നുമാണ് മലപ്പുറത്തെ ഉദ്യോഗസ്ഥരും വിശദീകരിക്കുന്നത്. മാർച്ച് 18 മുതൽ മാർച്ച് 23 വരെയുള്ള ദിവസങ്ങളിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കള്ള് ഷാപ്പ് ലേലം നടത്തണമെന്നാണ് സംസ്ഥാനസർക്കാരിന്‍റെ വിജ്ഞാപനത്തിൽ നിർദേശിക്കുന്നത്. അതായത്, ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ഇതേ തരത്തിൽ കള്ള് ഷാപ്പ് ലേലങ്ങൾ നടത്തിയേ തീരൂ.

ഇത് തിരുത്താൻ സംസ്ഥാനസർക്കാരിന്‍റെ ഭാഗത്ത് നിന്ന് തന്നെ ഇടപെടൽ ഉണ്ടായേ തീരൂ. അടിയന്തരമായി കള്ള് ഷാപ്പ് ലേലം നടത്തേണ്ടതില്ലെന്ന ഉത്തരവോ, അതല്ലെങ്കിൽ ലേലത്തിന് ബദൽ നിർദേശങ്ങൾ നൽകുകയോ സർക്കാർ ചെയ്യേണ്ടി വരും. 

വാർത്ത പുറത്തുവരികയും ലേലനടപടികൾ വിവാദമാവുകയും ചെയ്തതിനെത്തുടർന്ന് എറണാകുളത്തെ കള്ള് ഷാപ്പ് ലേലം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് നിർദേശിച്ചു. എന്നാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ലേലനടപടികൾ തുടങ്ങിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ എസ് രഞ്ജിത്ത് വ്യക്തമാക്കി. ''കുറച്ച് പേർക്കെങ്കിലും ആശങ്ക പ്രകടിപ്പിച്ച സ്ഥിതിയ്ക്ക് പരിപാടി മാറ്റി വയ്ക്കുകയാണ് നല്ലതെന്ന് ജില്ലാ കളക്ടർ പറഞ്ഞതുകൊണ്ടാണ് ലേലം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. ജാഗ്രതക്കുറവുണ്ടായിരുന്നില്ല. എറണാകുളം കളക്ടറേറ്റിൽ മാത്രമല്ല, കേരളത്തിലെ മറ്റ് പല ജില്ലാ ആസ്ഥാനങ്ങളിലും സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഈ ലേലം നടക്കുന്നുണ്ട്'', എന്ന് എ എസ് രഞ്ജിത്ത്.