കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വടകര വെള്ളികുളങ്ങര സ്വദേശി സുലേഖയാണ് മരിച്ചത്. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവർക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. 

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ഇന്ന് രാവിലെ മരിച്ചു. 70 വയസുള്ള ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക റിലീസ് പ്രകാരം 84 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കണക്കനുസരിച്ച് മരിച്ചവരിൽ 70 ശതമാനം പേരും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്.