ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപ്പളളി സുരേന്ദ്രന് ബന്ധമുളളതായി പറഞ്ഞിട്ടില്ലെന്ന് വിഡി.സതീശൻ. മുൻനിലപാട് തിരുത്തിയാണ് സതീശന്‍റെ അഭിഭാഷകന്‍റെ പുതിയ വാദം.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപ്പളളി സുരേന്ദ്രന് ബന്ധമുളളതായി പറഞ്ഞിട്ടില്ലെന്ന് വിഡി.സതീശൻ. മുൻനിലപാട് തിരുത്തിയാണ് സതീശന്‍റെ അഭിഭാഷകന്‍റെ പുതിയ വാദം. സമൂഹത്തിൽ നിലനിൽക്കുന്ന സംശയം വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ചുവെന്നായിരുന്നു തിരുവനന്തപുരം സബ്കോടതിയിലെ പുതിയനിലപാട്. കടകംപ്പള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്‌ട കേസിൽ എതിർവാദം പറയുമ്പോഴാണ് സതീശൻ പുതിയ നിലപാട് അറിയിച്ചത്. സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെങ്കിൽ രേഖകൾ കോടതിയിൽ സമർപ്പിക്കാൻ കടകംപ്പളളി വെല്ലുവിളിച്ചിരുന്നു. തിരുവിതാംകൂർ ഹിന്ദു റിലിജസ് ആക്ട് പ്രകാരം മന്ത്രിക്ക് ദേവസ്വം ബോർഡിൽ അധികാരമുണ്ടെന്നും സതീശൻ വാദിച്ചു. 10 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപ്പള്ളി സുരേന്ദ്രൻ മാനനഷ്‌ടകേസ് നൽകിയിരിക്കുന്നത്. കേസിൽ തുടര്‍വാദം ഈ മാസം 27ന് നടക്കും.



