തിരുവനന്തപുരം: കൊവിഡ് 19 രാജ്യത്താകെയും സംസ്താനത്തും കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗം മൂലം സംസ്ഥാനത്തുണ്ടായ സാമ്പത്തിക ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരു ഉപഭോക്ത്യ സംസ്ഥാനമാണ് കേരളം. നിര്‍മ്മാണ മേഖലയിലും ടൂറിസം മേഖലയിലും നേടിയ വളര്‍ച്ച. പ്രവാസികള്‍ അയക്കുന്ന പണം ഇതൊക്കെ നമ്മുടെ വാങ്ങല്‍ ശേഷി ശക്തിപ്പെടുത്തിയതായിരുന്നു. കൊവിഡ് വ്യാപനത്തോടെ ഇതിന് ഗണ്യമായ ഇടിവ് വന്നു. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം ഏതാണ്ട് നിലച്ചു. എന്നാല്‍ ചെലവുകളുടെ കാര്യത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ സമ്പദ് വ്യവസ്ഥ സാരമായ വളര്‍ച്ചാമാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് കൊവിഡ് 19 തുടങ്ങിയത്. എട്ട്, ഒന്‍പത് ശതമാനം വളര്‍ച്ചയുണ്ടായിരുന്ന രാജ്യത്തെ സമ്പദ് ഘടന അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോഴാണ് ഈ മഹാമാരി പ്രത്യക്ഷപ്പെട്ടത്. ഈ ദേശീയ സാചര്യത്തില്‍ കേരളം പോലൊരു സംസ്ഥാനം പശ്ചാത്തല സൗകര്യ വികസനവും സാമൂഹ്യമേഖലയിലെ ഇടപെടലും ശക്തമാക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച 7.5 ശതമാനത്തില്‍ നിലനിര്‍ത്തിയത് പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടവരാണ് കേരളീയര്‍. അത്തരമൊരു സംസ്ഥാനത്തിനാണ് ഈ വളര്‍ച്ച  നേടാനായത് എന്നത് മറന്നുകൂടാ. സംസ്ഥാനത്തിന്‍റെ പൊതുധനകാര്യ രംഗത്ത് നല്ല ഞെരുക്കം അനുഭവപ്പെട്ടെങ്കിലും സാമൂഹ്യ ക്ഷേമ ചെലവുകളില്‍ നിന്നും സര്‍ക്കാര്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല് കൊവിഡ് 19 സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ആരോഗ്യ ഭക്ഷ്യസുരക്ഷാ മേഖലകളില്‍ സര്‍ക്കാരിന്‍റെ പ്രതിഞ്ജാബദ്ധമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാനാവില്ല, അത് തുടരും.  കേരളം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും  കൃത്യമായി കണക്കാക്കിയിട്ടില്ല. ഇതിനായാണ് സമിതി രൂപീകരിക്കുന്നതെന്ന് പിണറായി വ്യക്തമാക്കി.

ഏത് പ്രശ്നങ്ങള്‍ വന്നാലും നമുക്ക് മുന്നോട്ട് പോകാതിരിക്കാനാവില്ല. ദുരിതാശ്വാസ നിധിയിലേക്ക് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും എല്ലാ പ്രശ്നങ്ങളും സഹിച്ച് സംഭാവന നല്‍കാന്‍ മുന്നോട്ട് വരുന്നുണ്ട്. ഇത് ഏറെ ആശ്വാസകരമാണ്. കൈനീട്ടമായി കിട്ടിയ നാണയത്തുട്ടുകള്‍ മുതല്‍, മാസവരുമാനം, ക്ഷേമ പെന്‍ഷന്‍, ഭക്ഷണ ചെലവില്‍ നിന്ന് ഒരു വിഹിതം മാറ്റിവെച്ച് സംഭാവന തരുന്ന അവശ ജനങ്ങളുമുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍  പ്രവാസികളും സഹായവുമായി എത്തുന്നുണ്ട്. . സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി ചെറുതല്ല, കൂടതല്‍ സഹായം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.