Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ദിനം; 11,755 പുതിയ രോഗികള്‍, 7570 രോഗമുക്തി, 23 മരണം

ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി. 

COVID 19 cases in kerala october 10
Author
Thiruvananthapuram, First Published Oct 10, 2020, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത്  95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി.  10,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഒക്ടോബർ നവംബർ മാസങ്ങൾ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെയും മരണനിരക്കിനെയും സംബന്ധിച്ച് നിർണ്ണായകമാണെന്നും . കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനം നടത്തേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ 

ടെസ്റ്റുകളുടെ എണ്ണം കൂട്ടി. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുന്നു. ഇത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ പകർച്ച വ്യാധി ശക്തമായി തുടരുന്നു. രോഗവ്യാപനം ഉച്ഛസ്ഥായിയിലെത്തുന്നത് വൈകിപ്പിക്കാൻ കേരളത്തിന് സാധിച്ചു. രോഗവ്യാപന തോത് പിടിച്ചുനിർത്തിയതിലൂടെ അടിസ്ഥാന സൗകര്യമൊരുക്കാൻ സാധിച്ചു. ആരോഗ്യ സംവിധാനം ശക്തമാക്കാനും സാവകാശം കിട്ടി.

തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ പ്രാഥമിക ചികിത്സ കേന്ദ്രവും പതിനായിരക്കണക്കിന് ബെഡ്, ലാബ്, കൊവിഡ് ആശുപത്രികൾ എല്ലാം ഉണ്ട്. കൃത്യമായ ആസൂത്രണം നടന്നു. രോഗികളെ ചികിത്സിക്കാൻ സൗകര്യമൊരുക്കി. മരണം കുറയാൻ കാരണം ആസൂത്രണ മികവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണ ബോധവും അധ്വാനവുമാണ്.

മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകൾ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീർഘിപ്പിച്ചതും അതിനിടയിൽ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണ്.

അയൽ സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് പത്തിരട്ടി മരണങ്ങൾ നടന്നു. വിദഗ്ദ്ധർ പറഞ്ഞത് പോലെ ഇപ്പോൾ രോഗ പ്രതിരോധ പ്രവർത്തനം ശക്തമാക്കണം. എട്ട് മാസങ്ങളായി അവിശ്രമം പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അവർ ക്ഷീണിതരാണ്. പൊതുജന പിന്തുണ അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അത് പരിപൂർണ്ണമായും അവർക്ക് നൽകണം. അവരുടെ നിർദ്ദേശം അക്ഷരം പ്രതി പാലിക്കണം. രോഗവ്യാപനം തടയാൻ ഒരുമിച്ച് നിൽക്കണം. അതിന് എല്ലാവരും സന്നദ്ധരാവണം.

കൊവിഡ് ബ്രിഗേഡിൽ 18957 പേർ രജിസ്റ്റർ ചെയ്തു. ഇവരിൽ 9325 പേർ മെഡിക്കൽ വിഭാഗത്തിൽ പെട്ടവരാണ്. എംബിബിഎസ് ഡോക്ടർമാർ 543 പേരാണ്. ഈ ഘട്ടത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്. കൂടുതൽ ഡോക്ടർമാർ കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണം. സേവനം നാടിന് അനിവാര്യമായ ഘട്ടമാണ്. 

രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ ജനങ്ങൾ ഏറ്റെടുക്കണം. പലയിടത്തും പ്രഖ്യാപിച്ച നിയന്ത്രണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ട്, അത് തുടരണം. എന്നാൽ പുറത്തിറങ്ങുന്നവരിൽ 10 ശതമാനം പേർ മാസ്ക് ധരിക്കുന്നില്ല. ഇത് ദൗർഭാഗ്യകരമാണ്. മാസ്ക് ധരിക്കൽ ഏറ്റവും പ്രധാനമാണ്. മാസ്ക് ധരിക്കുന്നവരിൽ രോഗം ബാധിച്ചാലും തീവ്രത കുറയും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. നിർബന്ധമായും പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിക്കുക.

കൊവിഡ് മുക്തരായ 30 ശതമാനം പേരിൽ രോഗലക്ഷണം പിന്നെയും കുറേക്കാലം നിൽക്കുന്നുവെന്നാണ് പഠനങ്ങൾ. ഇവരിൽ പത്ത് ശതമാനം പേർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. കുട്ടികളിൽ തീവ്രത കുറവാണെങ്കിലും മറ്റൊരു സങ്കീർണ രോഗാവസ്ഥ ഉടലെടുക്കുന്നുണ്ട്.

കൊവിഡ് വന്ന് പോയാലും ചിലരിൽ ദീർഘമായ ആരോഗ്യപ്രശ്നമുണ്ടാവുന്നു. തുടക്കത്തിൽ കാണിച്ച ജാഗ്രത കൂടുതൽ കരുത്തോടെ വീണ്ടെടുക്കണം. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗം അതാണെന്ന തിരിച്ചറിവ് വേണം. ഒൻപത് മണിക്കൂർ ത്വക്കിന്റെ പ്രതലത്തിൽ കൊവിഡ് രോഗാണുവിന് നിലനിൽക്കാനാവും. അതുകൊണ്ടാണ് ബ്രേക് ദി ചെയിൻ ക്യാമ്പെയിൻ ശക്തമാക്കേണ്ടത്. അത് ഫലപ്രദമായ മാർഗ്ഗമാണ്. 

റോഡരികിലും മാർക്കറ്റുകളിലും കടകളിലും ആളുകൾക്ക് കൈ കഴുകാൻ സൗകര്യം സജ്ജമാക്കണം. ആള് കൂടുന്നിടത്ത് കൈ കഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും സൗകര്യം വേണം. ഈ സൗകര്യം എല്ലാവരും ഉപയോഗിക്കണം. രോഗവ്യാപനം വർധിക്കാതിരിക്കാൻ ഇത്തരം ക്രമീകരണം സഹായിക്കും. പല ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ നൂതന പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. അത്തരം ഇടപെടലുകൾ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും.

ഓരോ വീട്ടിലും കുട്ടികളെ ബ്രേക് ദി ചെയിൻ അംബാസഡർമാരാക്കുന്ന പദ്ധതി ഇതിനെ നേരിടുന്നതിന് ഫലപ്രദമായിരിക്കും. വിദ്യാഭ്യാസ വകുപ്പിന് അത്തരം പദ്ധതി നടപ്പിലാക്കാനാവും. വിക്ടേർസ് ചാനൽ വഴി ഓൺലൈൻ ക്ലാസിലൂടെ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശവും ക്ലാസുകളും നൽകാനാവണം. അധ്യാപകരുടെ ക്രിയാത്മകമായ പങ്കാളിത്തവും ഉണ്ടാകണം. ബ്രേക് ദി ചെയിൻ ക്യാമ്പെയിന്റെ ഭാഗമായി അധ്യാപകരും മുന്നോട്ട് വരണം. കുട്ടികളിലും രക്ഷിതാക്കളിലും ക്യാമ്പെയിന്റെ ശാസ്ത്രീയ അവബോധം പ്രചരിപ്പിക്കാൻ അധ്യാപകർ സമയം നീക്കിവയ്ക്കണം.

തിരുവനന്തപുരത്ത് കൊവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. മാർക്കറ്റുകളും മാളുകളിലും സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ട്. ഓട്ടോ ടാക്സി ഡ്രൈവർമാർ മാസ്ക് സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. മാസ്ക്, ഫെയ്സ് ഷീൽഡ് കൂടുതൽ സുരക്ഷ നൽകും. പൊതു ഗതാഗതം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്കും ഇതര രോഗികൾക്കും പ്രത്യേകം ലേബർ റൂമുകൾ ഒരുക്കി. കൊവിഡ് ഇതര കാൻസർ രോഗികൾക്കുള്ള ചികിത്സയും കാത്ത് ലാബ് സൗകര്യവും ഉണ്ട്. മലപ്പുറത്ത് വൃക്ക രോഗിക്ക് കൊവിഡ് ബാധിച്ചതിനാൽ ഡയാലിസിസ് അടക്കം നിഷേധിക്കുന്നതിനെതിരെ കർശന നടപടിയെടുക്കും. സ്വകാര്യ ആശുപത്രികളും മറ്റ് ഡയാലിസിസ് കേന്ദ്രങ്ങളും അമിത ഫീസ് ഈടാക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്നതിനാലാണിത്. 

മലപ്പുറത്ത് വൃക്ക രോഗിക്ക് കൊവിഡ് ബാധിച്ചതിനാൽ ഡയാലിസിസ് അടക്കം നിഷേധിക്കുന്നതിനെതിരെ കർശന നടപടിയെടുക്കും. സ്വകാര്യ ആശുപത്രികളും മറ്റ് ഡയാലിസിസ് കേന്ദ്രങ്ങളും അമിത ഫീസ് ഈടാക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്നതിനാലാണിത്.
 കോഴിക്കോട് കോർപ്പറേഷനിലെ 14 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലാണ്. വയോജനങ്ങളെ സംരക്ഷിക്കുന്നതിന് അതീവ പ്രാധാന്യമാണ് നൽകുന്നത്. അത് തുടരണം. റിവേഴ്സ് ക്വാറന്റീൻ കൂടുതൽ ശക്തമാക്കണം. രോഗം വരാതിരിക്കാൻ എല്ലാവരും ജാഗരൂകരാകണം.

ഗസറ്റഡ് ഓഫീസർമാരെ ജില്ലകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിച്ചു. പ്രതിരോധ പ്രവർത്തനം താഴേത്തട്ടിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനാണിത്. ഇവർക്ക് എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരങ്ങൾ നൽകി. ഇവർ കടകളും സ്ഥാപനങ്ങളും സന്ദർശിക്കുമ്പോൾ ഒപ്പം ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകണം. ജില്ലാ പൊലീസ് മേധാവിമാരും എസ്എച്ച്ഒമാരും ഇക്കാര്യം ഉറപ്പാക്കണം.  നിയന്ത്രണവും നിർദ്ദേശവും കർശനമായി നടപ്പിലാക്കാൻ എസ്എച്ച്ഒമാർ ഇവരുമായി ചേർന്ന് പ്രവർത്തിക്കും.

നിരോധനാജ്ഞ ലംഘിച്ച 61 കേസ്. 183 അറസ്റ്റും ഇന്നുണ്ടായി. ശബരിമലയിൽ തുലാമാസ പൂജയ്ക്കെത്തുന്ന ഭക്തർക്കായി വിർച്വൽ ക്യൂ ഉടൻ യാഥാർത്ഥ്യമാവും. പമ്പയിൽ കുളിക്കാൻ ഭക്തർക്ക് അനുവാദം ഉണ്ടാകില്ല. തീർത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരുമടക്കം ആർക്കും കൊവിഡ് സുരക്ഷാ മാനദണ്ഡത്തിൽ ഇളവ് അനുവദിക്കില്ല. എല്ലാവരും അത് പാലിക്കാൻ ബാധ്യസ്ഥരാണ്.

റൂൾസ് ഓഫ് ബിസിനസ് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ എന്താണ് നടന്നതെന്ന് മനസിലാക്കണം. പൂർണ അബദ്ധമാണ് റിപ്പോർട്ട്. റൂൾസ് ഓഫ് ബിസിനസ് പരിഷ്കരിക്കാൻ അഞ്ച് പേരടങ്ങിയ സമിതിയെ നിയമിച്ചു. ഈ സമിതി കാര്യങ്ങൾ പരിശോധിച്ച് സമർപ്പിച്ച ശുപാർശകൾ 2020 ആഗസ്റ്റ് 26 ന് ചേർന്ന മന്ത്രിസഭ പരിഗണിച്ചു. അഞ്ച് മന്ത്രിമാർ ഉൾപ്പെട്ട മന്ത്രിസഭ ഉപസമിതിക്ക് ഇത് വിട്ടു. അതിൽ എകെ ബാലൻ, ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കൃഷ്ണൻകുട്ടി എന്നിവരും ചീഫ് സെക്രട്ടറിയുമാണ് ഉള്ളത്. ഇതിപ്പോൾ അവരുടെ പരിഗണനയിലാണ്. അവരുടെ റിപ്പോർട്ട് വന്നിട്ടില്ല. അത് വന്നാൽ മന്ത്രിസഭ പരിഗണിക്കും. കൊവിഡ് വാക്സിൻ വന്നാൽ അത് ലഭിക്കാൻ എല്ലാവരും മുന്നോട്ട് വരില്ലേ. അതിനായല്ലേ കാത്തിരിക്കുന്നത്. കേന്ദ്രം ഇതുമായി ബന്ധപ്പെട്ട് യാതൊന്നും ചോദിച്ചിട്ടില്ല. വാക്സിൻ സമീപ ഭാവിയിൽ യാഥാർത്ഥ്യമാവില്ല. പിടി തോമസിനെതിരായ വാർത്തയിൽ കണ്ട കാര്യങ്ങൾ ഗൗരവമുള്ളത്. എന്നാൽ അതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല.

വെള്ളാപ്പള്ളിയുടേത് ആശ്ചര്യകരമായ ആരോപണമാണ്. നമ്മുടെ സംസ്ഥാനത്ത് ആരോപണവും അഭിപ്രായവും എല്ലാവർക്കും പറയാം. നാട്ടിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ കേരളയിൽ ഡോ മഹാദേവൻ പിള്ള, ഡോ സാബു തോമസ്, എംകെ ജയരാജ്, പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ, ഡോ അനിൽകുമാർ, ഡോ മോഹനൻ, ഡോ എംഎസ് രാജശ്രീ, ഡോ ധർമരാജൻ, ആർ ചന്ദ്രബാബു തുടങ്ങിയവരാണ്. ഈ നിയമനങ്ങളെല്ലാം അക്കാദമിക് മികവും ഭരണ മികവും കണക്കിലെടുത്താണ്. ആ മാനദണ്ഡം മാത്രമേ ഓപ്പൺ സർവകലാശാലയുടെ കാര്യത്തിലും എടുത്തിട്ടുള്ളൂ.

വിദൂര വിദ്യാഭ്യാസ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പൺ സർവകലാശാല സ്ഥാപിച്ചത്. മറ്റ് സർവകലാശാലകൾക്ക് അക്കാദമിക് മേഖലയിൽ കുറേക്കൂടി കേന്ദ്രീകരിക്കാനും ശ്രമമുണ്ട്. ഇവിടങ്ങളിൽ വിദൂര വിദ്യാഭ്യാസം ഉണ്ടാകില്ല. അക്കാദമിക് മേഖലയാകെ ശക്തിപ്പെടും. ഈ സർവകലാശാലക്ക് നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിന്റെ പേര് നൽകിയത് യാദൃശ്ചികമായല്ല. വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കാൻ ഗുരു ശ്രമം നടത്തി. ആ അർത്ഥത്തിൽ സർക്കാർ തലത്തിൽ തന്നെ ഗുരുവിന് ആദരമർപ്പിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഓപ്പൺ സർവകലാശാലക്ക് ഗുരുവിന്റെ പേര് നൽകിയത്. ആ സർവകലാശാലയുടെ പ്രവർത്തനം സാധാരണ സർവകലാശാലയുടെ പ്രവർത്തനം പോലെയായിരിക്കും. തെറ്റിദ്ധാരണ എവിടെയോ സംഭവിച്ചു. അത് നിർഭാഗ്യകരമാണ്. 


 

Follow Us:
Download App:
  • android
  • ios