മരണ സംഖ്യയും മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഉയ‍ര്‍ന്നു. ഇന്ന് 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുകയാണ്. ഇന്ന് 3162 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. എറണാകുളത്താണ് കൂടുതൽ രോഗികൾ. 949 കേസുകൾ.തിരുവനന്തപുരത്ത് 555 പേര്‍ക്കും കോട്ടയത്ത് 356 പേര്‍ക്കും കോഴിക്കോട് 293 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യയും മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഉയ‍ര്‍ന്നു. ഇന്ന് 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മൂന്ന് പേരും ഇടുക്കി, എറണാകുളം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ രണ്ട് പേര്‍ വീതവും ഇടുക്കിയിൽ ഒരാളും കൊവിഡ് ബാധിതരായി മരിച്ചു. 

എന്നാൽ സംസ്ഥാനത്ത് കൊവിഡിന്‍റെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരിക്കുന്നത്. നേരത്തെയുള്ള ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്തിതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇടക്കാലത്തിന് ശേഷം കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണ്. ദിനംപ്രതി കൊവിഡ് അവലോകനം നടത്തുന്നുണ്ടെന്നും ജാഗ്രതയിൽ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. കൊവിഡ് ആശുപത്രികളിൽ കിടക്കകൾ മാറ്റി വയ്ക്കാൻ നിർദ്ദേശം നല്കിയെന്ന് വിവരിച്ച മന്ത്രി എല്ലാവരും മൂന്നാം ഡോസ് വാക്സീൻ എടുക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

വീണ്ടും ലോക‍്‍‍ഡൗൺ പ്രഖ്യാപിച്ച് ചൈന; ഷാങ്ഹായിയിൽ 14 ദിവസത്തേക്ക് നിയന്ത്രണം

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു 

അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ രാവിലെ 9 മണി മുതൽ ഇന്ന് രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറിനിടെ 12,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് പോയത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പതിനായിരം കടന്നത്.