Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു, കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിലേക്ക്

കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കേന്ദ്രസംഘം കേരളത്തിലേക്ക് എത്തും. എൻസിഡിസി ഡയറക്ടർ ഡോ. എസ് കെ സിംഗിന്‍റെ നേതൃത്വത്തിലാണ് കേന്ദ്രസംഘം എത്തുക. 

covid 19 cases on rise central team to visit kerala
Author
New Delhi, First Published Jan 6, 2021, 6:52 PM IST

ദില്ലി: സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് പ്രത്യേകസംഘത്തെ അയക്കുന്നു. എൻസിഡിസി (നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ) ഡയറക്ടർ ഡോ. എസ് കെ സിംഗിന്‍റെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. നീക്കത്തെ ആരോഗ്യവകുപ്പ് സ്വാഗതം ചെയ്തു. 

സംസ്ഥാനത്ത് കൊവിഡ് കേസുകൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളെന്തൊക്കെ, ടെസ്റ്റിംഗ് എങ്ങനെ, ഇതിലെന്തെങ്കിലും പിഴവുകളുണ്ടോ, കേന്ദ്രസർക്കാരിന്‍റെ കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടോ - ഇതെല്ലാം പരിശോധിക്കാനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. 

കേരളത്തില്‍ ഇന്ന് (ബുധനാഴ്ച) 6394 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഒറ്റ ദിവസം മാത്രം എറണാകുളത്ത് രോഗികളുടെ എണ്ണം ആയിരം കടന്നു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഡിസംബര്‍ 27 വരെയുള്ള ആഴ്ചയിൽ കൊവിഡ് ബാധിതരുടെ എണ്ണം 34,647 ആയിരുന്നെങ്കല്‍ ഇക്കഴിഞ്ഞ ആഴ്ചയിൽ അത് 35,048 ആയി ഉയര്‍ന്നിരുന്നു. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് രോഗ ബാധിതര്‍ കൂടുതല്‍. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ട്. വയനാട്ടില്‍ നൂറുപേരെ പരിശോധിക്കുമ്പോൾ 12 പേര്‍ പോസിറ്റീവാകുന്നു. മലപ്പുറത്തും പത്തനം തിട്ടയിലും ഇത് യഥാക്രമം 12-ഉം 11-ഉം ആണ്. മറ്റ് രോഗങ്ങൾ ഉള്ളവരില്‍ കൊവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടി. ആകെ കൊവി‍ഡ് മരണങ്ങളില്‍ 95 ശതമാനവും മറ്റ് രോഗങ്ങൾ കൂടി ഉള്ളവരിലാണ്. 60 വയസിന് മുകളിലുള്ളവരിലാണ് മരണങ്ങളേറെയും. പത്ത് വയസ്സ് വരെ പ്രായമുള്ള 6 കുട്ടികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരേറുന്ന സാഹചര്യത്തില്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ദില്ലി ആസ്ഥാനമായ സെന്‍റർ ഫോർ ജിനോമിക് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ച് കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ വൈറസ് വകഭേദം കണ്ടെത്താൻ 14 ജില്ലകളില്‍ നിന്നും 25 സാംപിളുകൾ വീതം സ്വീകരിച്ച്, ഒരു മാസം 1400 സാംപിളുകള്‍ ജെനറ്റിക് സ്വീക്വൻസിങ് ചെയ്യാനാണ് തീരുമാനം.  ഇതിനായി, 68 ലക്ഷം രൂപയാണ് ചെലവഴിക്കുക. ബ്രിട്ടനില്‍ കണ്ടെത്തിയ അതി വേഗ വൈറസ് വകഭേദം കേരളത്തിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ചികിത്സാരീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

Follow Us:
Download App:
  • android
  • ios