Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ കെയ‍ർഹോമുകൾ നിരീക്ഷണത്തിൽ, ഇരിങ്ങാലക്കുടയിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്

തൃശ്ശൂരിലെ ഇരിങ്ങാലക്കുട നഗരസഭയിലും മൂരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് 5 മണി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. വൈദ്യസഹായം, മരണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും.

covid 19 central kerala on high alert as diseases spread through care homes
Author
Ernakulam, First Published Jul 25, 2020, 6:52 AM IST

കൊച്ചി/ തൃശ്ശൂർ: രോഗവ്യാപനം കൂടുന്നതിനിടെ എറണാകുളം ജില്ലയിലെ കെയര്‍ ഹോമുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തൃക്കാക്കരയിലെ അനാഥാലയത്തില്‍ 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. അനാഥാലയങ്ങള്‍ക്കായി ഹെല്‍പ്പ് ഡസ്ക് തയ്യാറാക്കും. ഇവിടങ്ങളില്‍ സന്ദര്‍ശക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, തൃശ്ശൂരിലെ ഇരിങ്ങാലക്കുട നഗരസഭയിലും മൂരിയാട് പഞ്ചായത്തിലും ഇന്ന് വൈകിട്ട് മുതൽ ലോക്ക്ഡൗണാണ്. 

എറണാകുളത്ത് രോഗവ്യാപനം ഇപ്പോഴും തുടരുന്ന ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ്. ചെല്ലാനത്ത് ആശങ്കയൊഴിയുന്നുവെന്ന ശുഭപ്രതീക്ഷയാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ പ്രകടിപ്പിക്കുന്നത്. സ്ഥിതി ഒരാഴ്ചക്കകം നിയന്ത്രണ വിധേയമാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രതീക്ഷ. എറണാകുളം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 69 പേർക്കാണ്. ഇതിൽ അറുപത് പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്. 

മധ്യകേരളത്തിലെ മറ്റ് ജില്ലകളായ തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളും സമ്പർക്കരോഗ വ്യാപനത്തിന്‍റെ ഭീതിയിൽത്തന്നെ തുടരുകയുമാണ്. കോട്ടയം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, തൃശ്ശൂർ ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കോട്ടയം ജില്ലയിലെ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 35 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 33 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 24 പേര്‍ക്കും, തൃശ്ശൂർ ജില്ലയിലെ 20 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴയിലും എറണാകുളത്തും ഇന്നലെ ഓരോ ആരോഗ്യപ്രവർത്തകർക്ക് വീതവും രോഗം സ്ഥിരീകരിച്ചു. 

ഇരിങ്ങാലക്കുടയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ:

തൃശ്ശൂരിലെ ഇരിങ്ങാലക്കുട നഗരസഭയിലും മൂരിയാട് പഞ്ചായത്തിലും ഇന്ന് വൈകീട്ട് 5 മണി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കും. വൈദ്യസഹായം, മരണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ നടപടി സ്വീകരിക്കും. മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ എന്നിവ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. 

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒരു വാർഡിൽ 2 എണ്ണം വീതം തുറക്കാവുന്നതാണ്. റേഷൻകടകൾ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കും. വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത്. പൊതുവാഹന ഗതാഗതം നിരോധിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം.

മരണവീടുകളിൽ 10 പേരിൽ കൂടുതൽ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ  പൊതുപരിപാടികൾ സംഘടിപ്പിക്കാനോ പാടില്ല. ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുന്നതല്ല. ഞായറാഴ്ചകളിൽ ജില്ലയിൽ സമ്പൂർണലോക്ക്ഡൗൺ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

ഇതിന്‍റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഏതെല്ലാം സ്ഥാപനങ്ങൾ തുറക്കണമെന്നത് അതത് തദ്ദേശസ്ഥാപന തലത്തിൽ തീരുമാനിക്കും. അവശ്യസർവീസ് അല്ലാത്ത ഓഫീസുകളിൽ അതത് ഓഫീസ് മേധാവികൾ വർക്ക് ഫ്രം ഹോം സൗകര്യമേർപ്പെടുത്തണം.

ദീർഘദൂര ബസ്സുകള്‍ ക്ലസ്റ്റർ മേഖലയിൽ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല എന്നും ജില്ലാ ഭരണകൂടം കർശനമായി നിർദേശിക്കുന്നു.

Follow Us:
Download App:
  • android
  • ios