Asianet News MalayalamAsianet News Malayalam

കേരളത്തില്‍ 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, നിയന്ത്രിത ദിവസങ്ങളിൽ ചില കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന് ആശ്വാസത്തിന്‍റെ ദിവസങ്ങളാണ്. രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പില്ല. സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പു പറയുമ്പോഴും ലോക്ക് ഡൗണിന് ശേഷം എന്താകും എന്നതാണ് നിർണായകം. തത്സമയം. 

covid 19 chief ministers press conference as on 7 april 2020
Author
Thiruvananthapuram, First Published Apr 7, 2020, 6:06 PM IST

തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കാസർകോട്, 3 പേർ കണ്ണൂർ, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർ. ആകെ 336 പേർ.

ഇതിൽ വിദേശത്ത് നിന്ന് വന്നവര്‍ നാലുപേര്‍, നിസാമുദ്ദീന്‍ ചടങ്ങിൽ പങ്കെടുത്തത് രണ്ടുപേര്‍, സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ച മൂന്നുപേര്‍. ഇന്ന് പരിശോധനയ്ക്ക് സ്രവം നൽകിയതിൽ 12 പേർക്ക് പരിശോധനാ ഫലം നെഗറ്റീവ്. കണ്ണൂര്‍ 5, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ഓരോന്ന് വീതം സാമ്പിളുകളാണ് നെഗറ്റീവ് ഫലം ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ സംസ്ഥാനത്ത് 263 പേര്‍ ചികിത്സയിലുണ്ട്, സംസ്ഥാനത്ത് ആകെ1,46,686 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇതിൽ 1,45,934 പേര്‍ വീടുകളില്‍, ആശുപത്രികളില്‍ 752 പേര്‍. ഇന്നുമാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,232 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

നഴ്സുമാർക്ക് ആശംസ നേ‍ർന്ന് മുഖ്യമന്ത്രി

ലോകാരോഗ്യദിനത്തിൽ നഴ്സുമാർക്കും പ്രസവശുശ്രൂഷകർക്കും മുഖ്യമന്ത്രി ആശംസകൾ നേർന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ മലയാളി നഴ്സുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നമ്മളെ അസ്വസ്ഥരാക്കുന്നു. നിപ പോരാട്ടത്തിന്‍റെ രക്തസാക്ഷിയായ ലിനിയ്ക്ക് ആദരാഞ്ജലികൾ നേർന്ന മുഖ്യമന്ത്രി. കോട്ടയത്തെ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസിന് ആശംസകളും നൽകി. ഇനിയും സേവനം ചെയ്യാൻ തയ്യാറാണെന്ന് പറ‍ഞ്ഞ രേഷ്മയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. കോട്ടയത്തെ മറ്റൊരു നഴ്സ് പാപ്പാ ഹെൻറി കൊവിഡുള്ള ഏത് ജില്ലയിലും ജോലി ചെയ്യാമെന്ന് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ പറഞ്ഞതും അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് അതേ കരുതൽ തിരിച്ച് നൽകണമെന്നും മുഖ്യമന്ത്രി. അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്കും ദില്ലി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കും കേരളം കത്തയച്ചിട്ടുണ്ട്. ലോകത്താകെയുള്ള മലയാളി സമൂഹം അതാത് സ്ഥലങ്ങളിൽ ഇടപെടാൻ പറ്റുന്ന എല്ലാ തരത്തിലും ഇടപെട്ട് ആരോഗ്യപ്രവർത്തകരെ സഹായിക്കണം - മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രത്തിനയക്കും

ലോക് ഡൌണ്‍ കാലത്തിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധന സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്‍റിന് അയക്കും. സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ ചെറിയ കുറവുണ്ട്. 1745 ട്രക്കുകളാണ് തമിഴ്‍നാട്, കര്‍ണാടക അതിര്‍ത്തി കടന്നത്. ഇതില്‍ 43 എല്‍പിജി ടാങ്കറുകളും എല്‍പിജി സിലിണ്ടറുകളുടെ 65 ട്രക്കുകളുമുണ്ട്. ലോക് ഡൌണിന് മുമ്പ് ഒരുദിവസം 227 എല്‍പിജി ട്രക്കുകള്‍ എത്തിയിരുന്നു. കൂടുതല്‍ ട്രക്കുകള്‍ സാധനങ്ങളുമായി എത്തുന്ന സംവിധാനമാണ് ഉണ്ടാക്കുന്നത്.

സംസ്ഥാനത്തെ ഭക്ഷ്യസ്റ്റോക്കില്‍ പ്രശ്നങ്ങളില്ല. ഇനിയുള്ള ഘട്ടം മുന്നില്‍ കണ്ട് സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ചരക്ക് ഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രയാസമുണ്ട്. അധികമായി ഉല്‍പ്പാദിക്കപ്പെട്ട പച്ചക്കറി വിപണി കിട്ടാതെ പാഴാകുന്നത് കര്‍ഷകരെ ബാധിക്കും. കൃഷിവകുപ്പ് കര്‍ഷകവിപണികൾ വഴി പച്ചക്കറി സംരക്ഷക്കും. കര്‍ഷകര്‍ ഈ വിപണി പ്രയോജനപ്പെടുത്തണം.

അതി‍ർത്തിപ്രശ്നം

കര്‍ണാടക അതിര്‍ത്തി കാര്യത്തില്‍ തീരുമാനമായി. രോഗികളെ കടത്തിവിടുമെന്ന് കേന്ദ്രംപറഞ്ഞിട്ടുണ്ട്, ഇത് കര്‍ണാടകം അംഗീകരിച്ചിട്ടുമുണ്ട്. ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി.

ഭാരതപ്പുഴയില്‍ നിന്ന് മണല്‍ക്കടത്ത് ഉണ്ടാവുന്നു എന്ന് വാര്‍ത്തകള്‍ വരുന്നു. ശക്തമായി ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും , അമിത വില ഈടാക്കലും തടയുന്നതിന് പരിശോധനകള്‍ തുടരുന്നു. 326 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 144 ഇടങ്ങളിൽ നടപടികള്‍ക്ക് ശുപാര്‍ശ നൽകുകയും ചെയ്തു. മത്സ്യ പരിശോധനയില്‍ ഗുരുതര കാര്യങ്ങള്‍ കണ്ടെത്തി. വളത്തിന് വച്ച മത്സ്യം അടക്കം ഭക്ഷണത്തിനായി ഇങ്ങോട്ട് കൊണ്ടുവരുന്നു. ഇത് പിടികൂടുന്നതിനും നശിപ്പിക്കുന്നതിനും കഴിഞ്ഞു.

റേഷനിൽ നേട്ടം

റേഷന്‍ വിതരണത്തില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. ചെറിയ തോതില്‍ പരാതി ഉയര്‍ന്നാലും ഗൗരവമായി എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു റേഷന്‍ ഷോപ്പില്‍ എത്തിയ ധാന്യത്തില്‍ കുറവുണ്ടെന്ന പരാതി കിട്ടിയിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റോക്ക് കുറവ്, തൊഴിലാളികളുടെ അഭാവം, വാഹന ദൗര്‍ലഭ്യം തുടങ്ങിയ പ്രശ്നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ട്. ഇവയ്ക്ക് പരിഹാരം കാണണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മൃഗശാലകള്‍ അണുവിമുക്തമാക്കാന്‍ നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. വളർത്തുമൃഗങ്ങളുടെ കൂടുകളും സമാനമായി വൃത്തിയാക്കണം.

'കമ്മ്യൂണിറ്റി കിച്ചൺ മത്സരമല്ല'

കമ്മ്യൂണിറ്റി കിച്ചന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. അപൂര്‍വ്വം ചിലയിടങ്ങളില്‍ അനാവശ്യമായ പ്രവണതകള്‍ ഉണ്ട്. ചിലയിടത്ത് മത്സരരൂപത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നാണ് വിവരം കേട്ടത്. ഒന്‍പത് സ്ഥലങ്ങളില്‍ മത്സരസ്വഭാവത്തോടെ സമാന്തര കിച്ചണ്‍ നടത്തുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഇതിലൊന്നും മത്സരിക്കേണ്ടതില്ല. ആവശ്യത്തിനാണ് ഇടപെടല്‍ ഉണ്ടാവേണ്ടത്. ഇവിടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ ചുമതലയില്‍ കമ്മ്യൂണിറ്റി കിച്ചനിലൂടെ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന ഏര്‍പ്പാടാണ് ഉണ്ടാക്കിയത്. അതില്‍ അനാവശ്യമായ മത്സരത്തിന് തയ്യാറായി മുന്നോട്ട് വരുമ്പോള്‍ എന്തെങ്കിലും കുഴപ്പം ഭക്ഷണത്തിന് വന്നാല്‍ സ്ഥിതി വഷളാകും. ഇക്കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം ഫലപ്രദമായിഇടപെടണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഭക്ഷണ വിതരണത്തിനുള്ള ചുമതലയെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രണ്ട് ദിവസമായി കേരളത്തിന് ആശ്വാസത്തിന്‍റെ ദിവസങ്ങളാണ്. രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പില്ല. സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പു പറയുമ്പോഴും ലോക്ക് ഡൗണിന് ശേഷം എന്താകും എന്നതാണ് നിർണായകം. ലോക്ക് ഡൗൺ കേരളത്തിൽ ഘട്ടം ഘട്ടമായി മാത്രം പിൻവലിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട്. കേരളത്തിലെ ഏഴ് സംസ്ഥാനങ്ങൾ ഇപ്പോഴും രാജ്യത്തെ കൊവിഡ് കേസുകളിൽ ഹോട്ട്സ്പോട്ടുകളാണ്. 

എന്നാൽ കേരളമടക്കം ഇരുപതോളം സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ഏപ്രിൽ 14-ന് പിൻവലിക്കരുതെന്നാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലിയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇത് സജീവമായി പരിഗണിക്കുകയും ചെയ്യുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം:

Follow Us:
Download App:
  • android
  • ios