Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 24 കൊവിഡ് ബാധിതര്‍; കാസര്‍കോട്ട് 12 പേര്‍, 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍ . ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 

covid 19 cm pinarayi vijayan explain  kerala situation 01 04 2020
Author
Trivandrum, First Published Apr 1, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകൾ, ഇവരിൽ കാസർകോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂർ മലപ്പുറം കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാളുമാണുള്ളത്.

ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍ . ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 622 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകൾ പരിശോധനക്കയച്ചു. 7256 എണ്ണത്തിൽ രോഗബാധയില്ല.ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തി. ഏഴ് പേർ വിദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർ. നെഗറ്റീവായത് 26. ഇവരിൽ നാല് പേർ വിദേശികളാണ് .

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്‍റെ വിശദാംശം: 

സംസ്ഥാനത്തിന്‍റെ ഇടപെടലിന് ജർമ്മനിയിൽ ഗുണം ഉണ്ടായി. ലോക്ക് ഡൗണിൽ പെട്ട 265 പൗരന്മാർ അവിടെയെത്തി. 13 ജില്ലകളിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കി. ജർമ്മൻ എംബസിയുടെ ആവശ്യത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകി. തിരിച്ചെത്തിയവർ സന്തുഷ്ടരാണെന്ന് അവർ വ്യക്തമാക്കി. 

കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും. മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുത്. ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാൻ നിർദ്ദേശം നൽകി.

ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. മെച്ചപ്പെട്ട നിലയിലാണ് ഇന്നത് നടന്നത്. ചിലയിടത്ത് തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്നവർക്ക് കസേരയും വെള്ളവും ഉണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടൽ നടത്തി. 14.50 ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ഈ മാസം 20 വരെ സൗജന്യ റേഷൻ വിതരണം തുടരും.

അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. കർശന നടപടിയുണ്ടാകും. എൻ്റോസൾഫാൻ ബാധിതർക്ക് വീടുകളിൽ റേഷനെത്തിക്കും. ക്ഷേമപെൻഷൻ തുക നിരീക്ഷണത്തിലുള്ളവരുടേത് ബാങ്കിൽ സൂക്ഷിക്കും.

മിൽമ പ്രതിസന്ധി പ്രധാനപ്പെട്ടത്. 1.80 ലിറ്റർ പാൽ മിച്ചമായി വന്നു. അപ്പോഴാണ് തമിഴ്നാട്ടിൽ പാൽപ്പൊടിയാക്കാനുള്ള സഹായം വേണമെന്ന് അഭ്യർത്ഥിച്ചത്. ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിൽ ഇടപെടൽ ഉണ്ടായി. ഈറോഡുള്ള പാൽപ്പൊടി ഫാക്ടറിയിലേക്ക് അത് സ്വീകരിക്കാമെന്ന് അവിടെ നിന്ന് അറിയിച്ചു. കൂടുതൽ പാൽ ഉപയോഗിക്കാമെന്ന് അവർ അറിയിച്ചു. തമിഴ്നാട് സർക്കാരിന് നന്ദി അറിയിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. 

റോഡിൽ ഇന്നാളുകൾ കുറഞ്ഞു. റേഷൻ വിതരണം ക്രമീകരിക്കാൻ കഴിഞ്ഞത് ശാരീരിക അകലം പൊതുവേ പാലിക്കാനായി. ലോക്ക് ഡൗൺ കർശനമായി പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചുവിടുകയാണ് ചെയ്തത്. 22338 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങൾ പിടിച്ചുവെച്ചു.ഇനി ആലോചിക്കുന്നത് എപിഡെമിക് നിയമ പ്രകാരം കേസെടുക്കാനാണ്.

സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരാൻ പുരോഗതി ഉണ്ടായി. ഇന്ന് 2153 ട്രെക്കുകൾ സാധനങ്ങളുമായി എത്തി. ആശ്വാസകരമായ നിലയാണിത്. കർണാടകയിലെ റോഡ് പ്രശ്നം നിലനിൽക്കുന്നുണ്ട്. റോഡ് ബ്ലോക്ക് ചെയ്ത് ചരക്ക് നീക്കം തടയുന്നത് ഒഴിവാക്കണമെന്നാണ് നമ്മുടെ നിലപാട്. അതിർത്തി അടച്ചതിനാൽ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കാസർകോട് മരിച്ചത്. ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട്. 

സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നു. രണ്ട് ലക്ഷത്തിലേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്തു. സന്നദ്ധ സേനയുടെ രജിസ്ട്രേഷനിൽ നല്ല പുരോഗതി. 2.01916 പേർ രജിസ്റ്റർ ചെയ്തു. യുവജന കമ്മീഷൻ വഴി 21000 പേരും സന്നദ്ധ പോർട്ടലിന്റെ ഭാഗമാകും. രജിസ്ട്രേഷൻ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കും. പഞ്ചായത്തിന്റെ ആവശ്യം അനുസരിച്ച് ക്രമീകരിക്കും.

അതിഥി തൊഴിലാളികൾക്ക് താമസവും ഭക്ഷണവുമാണ് ഏർപ്പാട് ചെയ്തത്. പുതിയ പ്രശ്നം ഉയർന്നിട്ടുണ്ട്. ഇവരിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊവിഡ് കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണ്. ഇന്നത്തെ വിഷമസ്ഥിതിയിൽ അവരെ കൈയ്യൊഴിയുന്ന നിലപാട് സ്വീകരിക്കരുത്.

നമ്മുടെ പൊതുഇടങ്ങൾ അണുവിമുക്തമാക്കാൻ അഗ്നിരക്ഷാസേന മികച്ച പ്രവർത്തനം നടത്തുന്നു. അത്യാവശ്യ രോഗികൾക്ക് മരുന്ന് എത്തിക്കാൻ ഇവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. വളരെ അകലെ മരുന്ന് എത്തിക്കേണ്ട സാഹചര്യമുണ്ട്. തിരുവനന്തപുരത്ത് നിന്ന് മരുന്ന് കാസർകോട് എത്തിക്കാൻ പൊലീസ് ആവശ്യമായ നടപടിയെടുക്കണം. പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 212 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 92 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു

മദ്യശാലകൾ അടച്ചത് വ്യാജമദ്യ നിർമ്മാണത്തിന് ചിലർ തയ്യാറായിട്ടുണ്ട്. അത് കർക്കശമായി തടയും. അക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാൻ സാമൂഹ്യപ്രവർത്തകരും കുടുംബാംഗങ്ങളും ഇടപെടണം.

സംസ്ഥാനത്ത് പല തരത്തിലുള്ള മാനസിക സംഘർഷങ്ങൾക്ക് ഈ ഘട്ടത്തിൽ ഇരയാകുന്നവരെ സഹായിക്കാൻ കൗൺസിലിങ് ഊർജ്ജിതമാക്കും. 947 കൗൺസിലർമാർ സംസ്ഥാനത്താകെ ഇതിന് സജ്ജരാണ്. ഇത് വിപുലപ്പെടുത്തും. ചില വാർത്തകൾ വല്ലാത്ത അസ്വാസ്ഥ്യം ഉണ്ടാക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്തെന്ന വാർത്ത കണ്ടു. രോഗം ഭേദപ്പെട്ട് തിരിച്ചെത്തിയ ഒരാളെ ഭാര്യ വീട്ടിൽ കയറ്റിയില്ല. അയാൾക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കേണ്ടി വന്നു. അജ്ഞതയും തെറ്റിദ്ധാരണയും ഭയവും ആണ് ഇതിന് കാരണം.

ബോധവത്കരണം ശക്തിപ്പെടുത്തണം. തെറ്റിദ്ധാരണ പരത്തുന്ന പല പ്രചാരണങ്ങളും കാണുന്നു. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രമേ പ്രചരിപ്പിക്കാവൂ. അല്ലാത്തത് കണ്ടെത്തി തടയാൻ പൊലീസിന് നിർദ്ദേശം നൽകി. പ്രവാസികൾ പ്രയാസമനുഭവിക്കുന്നുണ്ട്. വിദേശത്ത് താമസിക്കുന്നവരിൽ അപൂർവം ചിലർ മരിച്ചുപോകാറുണ്ട്. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാറുണ്ട്. ഇപ്പോൾ യാത്രാവിമാനം ഇല്ല. അത്തരം മൃതദേഹം നാട്ടിലേക്ക് ചരക്ക് വിമാനത്തിലാണ് കൊണ്ടുവരാനാവുക. ആ തരത്തിൽ ക്രമീകരണം ഉണ്ടാക്കണം. ഇത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ കുടുംബമായും കൂട്ടായും താമസിക്കുന്നുണ്ട്. അതിൽ കൂടുതൽ പേർ ഒന്നിച്ച് ഒരിടത്ത് താമസിക്കുകയാണ്. ഒരാൾക്ക് പനിയോ ചുമയോ വന്നാൽ ഈ ഘട്ടത്തിൽ പരിശോധിക്കാൻ പോകും. പരിശോധിച്ചാൽ നിരീക്ഷണത്തിൽ പോകണം എന്ന് പറയും. അതുവരെ താമസിച്ച റൂമിൽ ക്വാറന്റൈനിൽ കഴിയാനാവില്ല. അത്തരക്കാർക്ക് താമസിക്കാൻ സൗകര്യം അവിടെയുള്ള എംബസി ഒരുക്കണം. ഇത് പ്രധാനപ്പെട്ട പ്രശ്നമായി കാണണം എന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തും.

 നമ്മുടെ ലോകത്ത് പല രാജ്യങ്ങളിലും നമ്മുടെ സഹോദരിമാർ നഴ്സുമാരായി പ്രവർത്തിക്കുന്നുണ്ട്. അവരിൽ പലരും നമ്മളെ അറിയിക്കുന്നത് ആവശ്യമായ സുരക്ഷാ ക്രമീകരണമില്ലെന്നാണ്. ചിലർക്ക് രോഗബാധയുടെ ആശങ്കയും വലിയ തോതിലുണ്ട്. നഴ്സുമാരായവർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ ക്രമീകരണം ഉണ്ടാക്കണം എന്ന് ആവശ്യപ്പെടും.

 രാജ്യം ഇൻഷുറൻസ് പരിരക്ഷ ആരോഗ്യ പ്രവർത്തകർക്ക് നൽകിയത് നല്ല കാര്യമാണ്. ഇതോടൊപ്പം പ്രതിരോധത്തിൽ സജീവമായി ഇടപെടുന്ന പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകർക്കും പരിരക്ഷ നൽകമം. ധാരാളം പേരെ ഒരു ദിവസം റേഷൻ വ്യാപാരികൾ ബന്ധപ്പെടുന്നുണ്ട്. അവർ പലതരത്തിൽ മറ്റുള്ളവരെ ബന്ധപ്പെടുന്നുണ്ട്. അവർക്കും ജോലി നിർവഹിക്കുന്ന പൊലീസിനും അതേപോലെ പല വീടുകളിലും ചെല്ലേണ്ട പാചക വാതക വിതരണക്കാർക്കും ഈ പറയുന്ന പരിരക്ഷ നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.

സന്നദ്ധ പ്രവർത്തനം നാടിന് മാതൃകയായി നടക്കേണ്ടതാണ്. മാതൃകയാക്കാൻ പറ്റുന്നവരാവണം സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ പാടില്ല. അത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്വന്തമായി ബാഡ്ജ് അടിച്ച് കഴുത്തിൽ തൂക്കി സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവർത്തകരാവുന്ന ചിലരുണ്ട്. ഇത് ഒഴിവാക്കണം.
 സന്നദ്ധ പ്രവർത്തനം വേതനം ആഗ്രഹിച്ച് ചെയ്യേണ്ടതല്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ വേതനം നൽകുന്നത് കാണുന്നു. ഇതൊന്നും അംഗീകരിക്കാനാവില്ല

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

Follow Us:
Download App:
  • android
  • ios