തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. ഈ 29 പേരിൽ 21 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായാണ് പ്രവാസികളെ ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളില്‍ മാലിയില്‍ നിന്ന് തിരികെ എത്തിച്ചത്. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള 698 പ്രവാസികളുമായി എത്തിയ ആദ്യ കപ്പലിലുണ്ടായിരുന്നതില്‍ 440 പേർ മലയാളികളായിരുന്നു.  

കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചു. ഇതൊരു ആരോ​ഗ്യപ്രവർത്തകയാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരിൽ  2 പേർ മെയ് 16 ന് അബുദാബിയിൽ നിന്ന് എത്തിയവരാണ്. മൂന്നാമത്തെയാള്‍ മാലിദ്വീപിൽ നിന്നുള്ള കപ്പലില്‍ എത്തിയയാളാണ്.  മൂവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരാളുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ലിസ്റ്റിലില്ല. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃശ്ശൂരിൽ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്.  തിരുവനന്തപുരം, കണ്ണൂ‍ർ - മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസ‍ർകോട് - രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതമാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

 

സംസ്ഥാനത്ത് 630 പേ‍ർക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചു. ഇതിൽ 130 പേർ ഇപ്പോൾ ചികിത്സയിലാണ്. 69730 പേ‍ർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളിൽ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ​ഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതുതായി ചേ‍ർത്തു.