തിരുവനന്തപുരം: സപ്ളൈകോയിലെ സൗജന്യകിറ്റ് വിതരണത്തർക്കത്തിൽ സിഐടിയു നേതാവിനെ കുടുക്കാൻ ആൾമാറാട്ടം നടത്തി ഭക്ഷ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്. മാധ്യമപ്രവർത്തകൻ എന്ന നിലക്ക് ഫോണിൽ വിളിച്ച് ശബ്ദരേഖ റെക്കോർഡ് ചെയ്തതിനെ പിന്നാലെ സിഐടിയു നേതാവിനെ സസ്പെൻ‍ഡ് ചെയ്തു. വ്യാജപ്രചാരണം നടത്തിയതിനാണ് സസ്പെൻഷൻ എന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. കൊവിഡ് കാലത്ത് വിതരണം ചെയ്യാനുള്ള സൗജന്യകിറ്റിൻറെ പേരിൽ ഭക്ഷ്യവകുപ്പിൽ നടക്കുന്നത് അസാധാരണ നടപടികളാണ്. സപ്ലൈകോ ജീവനക്കാരനും സിഐടിയു നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പലവ്യജ്ഞനങ്ങളുടെ സൗജന്യ കിറ്റ് നിറക്കുന്ന സന്നദ്ധ സംഘടനാ പ്രവർത്തകർ അടക്കമുള്ളവർക്ക് പ്രതിഫലം ഉണ്ടെന്ന രീതിയിൽ അനിൽകുമാർ വ്യാജ പ്രചരാണം നടത്തിയെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. 

അനിൽകുമാറിനെ കുടുക്കാൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെഎം ഷാജി മാധ്യമപ്രവർത്തകൻ എന്ന നിലക്ക് ഫോൺ വിളിച്ച് റെക്കോർഡ് ചെയ്തു. ഫോൺ റെക്കോർഡ് ചെയ്തതിന് പിന്നാലെയാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ സർക്കാറിനെ അപകീർത്തിപ്പെടുത്തുന്ന വിധം ദൃശ്യമാധ്യമങ്ങളിൽ സംസാരിച്ചു എന്ന കാരണമാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ഒരു മാധ്യമത്തോടും സംസാരിച്ചിട്ടില്ലെന്നാണ് അനിൽകുമാർ വിശദീകരിക്കുന്നത്. മാധ്യമപ്രവർത്തകൻ എന്ന വ്യാജേന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിളിച്ചശേഷം മാധ്യമങ്ങളോട് സംസാരിച്ചതിന് നടപടി എടുത്തതിലാണ് സിഐടിയുവിന് അമർഷം. 

നടപടിക്കെതിരെ സിഐടിയു മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ്. അതേ സമയം അനിൽകുമാർ നേരത്തെ മൂന്ന് തവണ നടപടി നേരിട്ടയാളാണെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. ഏറെ നാളായി വകുപ്പിൽ ഭക്ഷ്യമന്ത്രിയുടെ ഓഫീസും സിഐടിയുവും തമ്മിൽ തർക്കമുണ്ട്.  നേരത്തെ സൗജന്യ കിററുകളുടെ വിതരണത്തിൽ പാളിച്ച ആരോപിച്ച് തിരുവനന്തപുരം റീജണൽ മാനേജറെ സസ്പെൻഡ് ചെയ്തതാണ് അടുത്തിടെ ശീതശുദ്ധം രക്ഷമാക്കിയത്. എട്ടു താലൂക്കുകളുടെ ചുമതലയുണ്ടായിരുന്ന റീജണൽ മാനേജറെ നെടുമങ്ങാട് താലൂക്കിൽ വിതരണത്തിലെ പാളിച്ച ചൂണ്ടികാട്ടിയാണ് സസ്പെൻഡ് ചെയ്തത്. താലൂക്കിൻറെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുമെടുത്തില്ല സിപിഐ നേതൃത്വത്തിന് അനഭിമനതായ ഉദ്യോഗസ്ഥനെതിരായ നടപടിക്കെതിരെ സിഐടിയു രംഗത്തെത്തിയിരുന്നു. അതിൻറെ തുടർച്ചയായാണ് ഓഡിയോ വിവാദവും സസ്പെൻഷനും.