Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഉടനീളം യാത്ര, കൊവിഡ് ബാധിച്ച പൊതുപ്രവർത്തകന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമം തുടരുന്നു

കോൺഗ്രസ് പാ‍ർട്ടി പ്രവർത്തകനായ കൊവിഡ് ബാധിതൻ പാലക്കാട്, ഷോളയൂർ, പെരുമ്പാവൂർ, ആലുവ, മൂന്നാർ, മറയൂർ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലും നിയമസഭ മന്ദിരത്തിലും പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ.

covid 19  Crisis in preparing route map of idukki covid patient
Author
Idukki, First Published Mar 27, 2020, 12:38 PM IST

ഇടുക്കി: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമം തുടരുന്നു. കളക്ടറേറ്റിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സയുക്ത യോഗം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടുക്കും ഇയാൾ യാത്ര നടത്തിയതും പ്രമുഖ നേതാക്കളുമായി അടുത്തിടപഴകിയതുമെല്ലാമാണ് സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലെ പ്രതിസന്ധി.

കോൺഗ്രസ് പാ‍ർട്ടി പ്രവർത്തകനായ കൊവിഡ് ബാധിതൻ പാലക്കാട്, ഷോളയൂർ, പെരുമ്പാവൂർ, ആലുവ, മൂന്നാർ, മറയൂർ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലും നിയമസഭ മന്ദിരത്തിലും പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ. തിരുവനന്തപുരത്ത് വച്ച് ഭരണ-പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച ന‍ടത്തി. കോൺഗ്രസിന്‍റെ തൊഴിലാളി പോഷക സംഘനയുടെ സംസ്ഥാന ഭാരവാഹിയായ ഇയാൾ സംഘടനയുടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നീണ്ട സംസ്ഥാന ജാഥയിലും പങ്കെടുത്തിരുന്നു.

കൊവിഡ് ബാധിതൻ അടുത്തകാലത്തൊന്നും വിദേശത്ത് പോയിട്ടില്ല. വിദേശത്ത് നിന്ന് വന്നവരും വീട്ടിലില്ല. അതുകൊണ്ട് തന്നെ പനി ബാധിച്ച് കഴിഞ്ഞ 13ന് താലൂക്ക് ആശുപത്രിയിൽ പോയെങ്കിലും അവർ മരുന്ന് നൽകി തിരിച്ചയച്ചു. തുടർന്ന് 14ന് ഇയാൾ തൊടുപുഴയിൽ പാർട്ടി ഓഫീസിലെത്തി നേതാക്കളെ കണ്ടു. 20ന് ചെറുതോണിയിലെ മുസ്ലീം പള്ളിയിൽ എത്തി പ്രാർത്ഥനയിൽ പങ്കെടുത്തു. പനി കൂടി 23ന് വീണ്ടും ആശുപത്രിയിൽ എത്തിയപ്പോഴാണ് നിരീക്ഷണത്തിലേക്ക് മാറാൻ നിർദ്ദേശിച്ചത്. സ്രവ പരിശോധനയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വീട്ടുകാരെല്ലാം നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടിക വൈകാതെ തയ്യാറാകുമെന്നും ഇയാളുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലേക്ക് മാറണമെന്നുമാണ് ജില്ല ഭരണകൂടത്തിന്‍റെ നിർദ്ദേശം. 

Follow Us:
Download App:
  • android
  • ios