കോട്ടയം: ഇറ്റലിയിൽ  നിന്ന് തിരികെ എത്തിയ ദമ്പതികളുടെ കോട്ടയത്തുള്ള മകൾക്കും മരുമകനും കൊവിഡ് രോഗം ഭേദമായി. ചെങ്ങളം സ്വദേശികളായ ഇരുവരുടെയും റിപ്പോർട്ടുകൾ ഇന്ന് നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചു. ഇന്ന് രോഗം ഭേദമായ 12 പേരുടെ പട്ടികയിൽ ഇരുവരുമുണ്ട്. 

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്. മാര്‍ച്ച്  എട്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

മാര്‍ച്ച് 18, 20 തീയതികളില്‍ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ ആദ്യമായി രോഗം ബാധിച്ചത് ഈ ദമ്പതികളുടെ റാന്നി സ്വദേശികളായ അച്ഛനമ്മമാർക്കും സഹോദരനുമാണ്. ഇറ്റലിയിൽ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാൻ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് ഇവർ രണ്ട് പേർക്കും വൈറസ് ബാധയുണ്ടായത്.

ആദ്യ സാമ്പിള്‍ പരിശോധനയില്‍തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണ്.

'കോട്ടയം മെഡിക്കൽ കോളേജിലേത് മികച്ച ചികിത്സ'

രോഗം ഭേദമായതിൽ സന്തോഷമെന്നും കോട്ടയം മെഡിക്കൽ കോളേജിലേത് മികച്ച ചികിത്സയാണെന്നും രോഗം ഭേദമായ ചെങ്ങളം സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും തന്ന ധൈര്യവും ആത്മവിശ്വാസവും കരുത്തായി. ഭാര്യക്കും രോഗം ഭേദമായി. തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായി വിവരം പ്രചരിപ്പിച്ചവരോട് ദേഷ്യമില്ല. ഭയം കൊണ്ടാണ് അവർ അങ്ങനെ പറഞ്ഞതെന്നും ചെങ്ങളം സ്വദേശി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് പറഞ്ഞു.

ഈ കുടുംബത്തിലെ വൃദ്ധരായ രണ്ട് പേർക്കും പിന്നീട് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇവരുടെ സ്ഥിതി ആദ്യം മോശമായിരുന്നെങ്കിലും പിന്നീട് മെച്ചപ്പെട്ടു. 

റാന്നിയിലെ വീട്ടിലേക്കാണ് ഇറ്റലിയിൽ നിന്ന് തിരികെ എത്തിയവർ ആദ്യം വന്നത്. വരുമ്പോൾ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫ്ലൈറ്റിൽ അനൌൺസ്മെന്റുണ്ടായിരുന്നെങ്കിലും അവർ അത് അനുസരിച്ചിരുന്നില്ല. പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നതിലാണ് റിപ്പോർട്ട് ചെയ്യാതിരുന്നത് എന്ന് ഇവർ പിന്നീട് വിശദീകരിച്ചെങ്കിലും പനി ഉൾപ്പടെ വന്നപ്പോഴും സ്വകാര്യ ആശുപത്രിയിലെത്തി മടങ്ങിപ്പോവുക മാത്രമാണ് ചെയ്തത്. തൊട്ടടുത്തുള്ള സർക്കാർ സംവിധാനങ്ങളെയൊന്നും വിവരമറിയിക്കാൻ ഇവർ തയ്യാറായില്ല. ഒടുവിൽ അയൽവാസികളായ കുടുംബത്തിന് പനി വന്നപ്പോഴാണ് ഇവർക്കും അസുഖമുണ്ടെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്. അതുവരെ വിദേശത്ത് നിന്ന് വന്നതാണെന്ന വിവരമടക്കം ഇവർ മറച്ചുവച്ചിരുന്നുവെന്ന് പിന്നീട് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയുമടക്കം പറഞ്ഞു. വിവരമറിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യപ്രവർത്തരോടൊപ്പം ആംബുലൻസിൽ ആശുപത്രിയിലേക്ക് വരാൻ ഇവർ തയ്യാറായില്ല. പിന്നീട് സ്വന്തം വാഹനത്തിൽ വരാമെന്നും സർക്കാരാശുപത്രിയിലേക്ക് വരാൻ ബുദ്ധിമുട്ടാണെന്നുമാണ് ഇവർ പറഞ്ഞതും. ഒടുവിൽ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കാൻ ഇവരോട് സ്വന്തം വാഹനത്തിൽ വരാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. ഇവർ വിവരം അറിയിക്കാതിരുന്നതിനാൽ മൂന്ന് ജില്ലകളാണ് പൊടുന്നനെ ജാഗ്രതയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായത്.