Asianet News MalayalamAsianet News Malayalam

'കലാപ്രകടനം കുറച്ച് മതി', അനുമതിയില്ലാത്ത പൊലീസ് വീഡിയോകൾക്ക് കടിഞ്ഞാണിട്ട് ഡിജിപി

വീഡിയോകൾ നിർമിക്കാനായി താരങ്ങളെ സമീപിക്കുകയോ ഇവരെ ടാഗ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ ഇടുകയോ ചെയ്യേണ്ട. പൊലീസിന്‍റെ കലാപ്രകടനങ്ങളുടെ വീഡിയോയും വേണ്ട. 

covid 19 dgp loknath behera restricts making of videos by police personnel
Author
Thiruvananthapuram, First Published Apr 26, 2020, 4:14 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് പൊലീസുകാർ പുറത്തിറക്കുന്ന വീഡിയോകൾക്ക് കടിഞ്ഞാണിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. ഡിജിപിയുടെയോ പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതലയുള്ള എഡിജിപിയുടെയോ അനുമതിയില്ലാതെ ഇനി മേലാൽ വീഡിയോകൾ നിർമിച്ച് പുറത്തിറക്കരുത്. സ്വന്തം നിലയിൽ കൊവിഡ് കാലത്ത് കേരളാ പൊലീസ് ഔദ്യോഗികമായിത്തന്നെ ഇതുവരെ ഏതാണ്ട് 300 വീഡിയോകൾ നിർമിച്ച് പുറത്തിറക്കിയിട്ടുണ്ട്. ഇത് മതിയെന്നും, പൊലീസുദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് വേറെ വീഡിയോ നിർമിക്കേണ്ടെന്നും ഡിജിപി. 

പൊലീസുകാർ വീഡിയോ നിർമാണത്തിനായി താരങ്ങളെ സമീപിക്കുകയോ അവരെ ടാഗ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ ഇടുകയോ ചെയ്യരുത്. പൊലീസിന്‍റെ കലാപ്രകടനങ്ങളെക്കുറിച്ചുള്ള വീഡിയോ ഇനി വേണ്ടെന്നും ഡിജിപി പൊലീസുദ്യോഗസ്ഥർക്കായി ഇറക്കിയ ആഭ്യന്തര ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ വകുപ്പ് മേധാവികളുടെ അനുമതിയോടെ സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായ വീഡിയോ നിർമിക്കാമെന്നും ഉത്തരവിലുണ്ട്. 

ഉത്തരവിലെ പ്രധാനനിർദേശങ്ങളിങ്ങനെ:

1. പ്രത്യേകമായി ഷൂട്ടിംഗിന് ക്രമീകരണങ്ങൾ ആവശ്യമുണ്ടെങ്കിൽ അതിന് പ്രത്യേകം പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ അനുമതി വാങ്ങേണ്ടതാണ്.

2. പൊലീസുദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങൾ പകർത്തിയതോ, വാർത്താചാനലുകൾ പുറത്തുവിട്ടതോ ആയ വീഡിയോകൾ എഡിറ്റ് ചെയ്ത്, കടപ്പാട് നൽകി പോസ്റ്റ് ചെയ്യാവുന്നതാണ്.

3. താരങ്ങളെയോ, പ്രശസ്തവ്യക്തികളെയോ ഇതിൽ അഭിനയിക്കാനായി വിളിക്കുന്നത് അവസാനിപ്പിക്കണം.

4. പൊലീസുദ്യോഗസ്ഥർ പാട്ട് പാടുന്നതും മറ്റുമായിട്ടുള്ള കലാപ്രകടനങ്ങളുടെ വീഡിയോ ഇനി പോസ്റ്റ് ചെയ്യേണ്ടതില്ല.

5. സൈബർ ക്രൈം, ഫൊറൻസിക്സ്, കമ്മ്യൂണിറ്റി പൊലീസിംഗ് പോലുള്ളവയെക്കുറിച്ചുള്ള വീഡിയോകൾ നിർമിക്കാൻ അതാത് യൂണിറ്റ് മേധാവിമാരുടെ അനുമതി വേണം.

6. സർക്കാരിനെ ഏതെങ്കിലും തരത്തിൽ വിമർശിക്കുകയോ, ഇകഴ്ത്തിക്കാട്ടുകയോ ചെയ്യുന്ന ഒരു വീഡിയോകളും പുറത്തിറക്കാൻ പാടില്ല. 

നിലവിൽ പൊലീസ് ആസ്ഥാന എഡിജിപിയുടെ അനുമതിയോടെ നിർമിച്ച വീഡിയോകൾ മാത്രമാണ് കേരളാ പൊലീസ് എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നത്. അവയെല്ലാം വൈറലുമാണ്. എന്നാൽ ഇതിന് പിന്നാലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പേരിലുള്ള പേജുകളിലും ഉദ്യോഗസ്ഥർ സ്വന്തം പേജുകളിലും ഇത്തരം വീഡിയോകൾ ചെയ്ത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്നവർക്ക് ഒരു 'എന്‍റർടെയ്ൻമെന്‍റ്' എന്ന നിലയ്ക്ക് നിരവധി പൊലീസുദ്യോഗസ്ഥർ പാട്ട് പാടുന്ന വീഡിയോകളും പ്രചരിച്ചിരുന്നു. ഇനി അത്തരം വീഡിയോകൾ ഇടണമെങ്കിൽ കൃത്യമായി അനുമതി വാങ്ങണം. 

"ബ്രേക്ക് ദ ചെയ്ൻ' ബോധവൽക്കരണത്തിന്‍റെ ഭാഗമായി 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ 'കലക്കാത്ത' എന്ന പാട്ടിനൊപ്പം ചില പൊലീസുദ്യോഗസ്ഥർ ചേർന്ന് ചുവടുവച്ച്, കൈ കഴുകേണ്ടതെങ്ങനെ എന്ന് കാണിച്ച വീഡിയോ വൈറലായിരുന്നു. ഇത് പ്രസിദ്ധീകരിച്ചത് കേരളാ പൊലീസിന്‍റെ ഔദ്യോഗിക പേജിലാണ്. കേരളാ പൊലീസിന്‍റെ പേജിൽ പ്രസിദ്ധീകരിച്ച മറ്റ് കൊവിഡ് ബോധവൽക്കരണവീഡിയോകളും വൻ പ്രചാരം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പല ഉദ്യോഗസ്ഥരും സ്വന്തം നിലയ്ക്ക് വീഡിയോകൾ ചെയ്ത് സ്വന്തം പേജിലിടാൻ തുടങ്ങിയത്. 

നിലവിൽ 14 ലക്ഷത്തോളം ഫോളോവേഴ്സുള്ള കേരളാ പൊലീസ് പേജ്, രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽപ്പേർ ഫോളോ ചെയ്യുന്ന പൊലീസ് ഔദ്യോഗികപേജുകളിലൊന്നാണ്.

Follow Us:
Download App:
  • android
  • ios