തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ തീരദേശമേഖലകളിൽ ഗുരുതരമായ രീതിയിൽ രോഗവ്യാപനം. നേരത്തേ ടെസ്റ്റുകൾ കുറവാണെന്ന് ആക്ഷേപമുണ്ടായിരുന്ന അഞ്ചുതെങ്ങ് മേഖലയിൽ ഇന്ന് കൂടുതൽ പേരെ പരിശോധിച്ചപ്പോഴാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. 444 പേരെ പരിശോധിച്ചതിൽ 104 പേരും പോസിറ്റീവായതായാണ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിക്കുന്നത്. അതായത് ഇവിടെ ഇന്ന് പരിശോധിച്ചവരിൽ നാലിലൊരാൾക്ക് കൊവിഡ് കണ്ടെത്തിയെന്നർത്ഥം. ആറ് ഇടങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 

പാറശ്ശാല മേഖലയിലും സ്ഥിതി ഗുരുതരമാണ്. എഴുപത്തിയഞ്ച് പേരെ പരിശോധിച്ചതിൽ ഇരുപതിലേറെപ്പേർക്ക് രോഗം കണ്ടെത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന മേഖലയാണ് അഞ്ചുതെങ്ങ്. ഇത്രയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കൂടുക തന്നെയാണെന്നാണ് വിവരം. രോഗം വരാൻ സാധ്യതയുള്ളവരിലേക്ക് കേന്ദ്രീകരിച്ച് മേഖലയിൽ ദിനംപ്രതി അമ്പത് ടെസ്റ്റുകളോളം ആണ് നടത്തിയിരുന്നത്. എന്നാൽ ഇത് കൂട്ടിയപ്പോഴാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. അതായത് പരിശോധിക്കുന്നവരിലപ്പുറത്തേക്ക് ഈ മേഖലയിൽ രോഗവ്യാപനം നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ സൂചനയാവുകയാണ് അഞ്ചുതെങ്ങിലെ ഫലങ്ങൾ. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശക്ലസ്റ്ററുകളിൽ രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ആശങ്ക പൂർണമായും ഒഴിവായ സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇന്ന് കൂടുതൽ പരിശോധനകളിലൂടെ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനാൽ, അതീവജാഗ്രത തുടരണമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ഒപ്പം കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങളും തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത് അഞ്ചുതെങ്ങിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നാലിലൊന്ന് പേർക്കേ രോഗമുള്ളൂ എന്നത് ചെറിയ ആശ്വാസമാണെങ്കിലും ട്രിപ്പിൾ ലോക്കിട്ടിട്ടും ഈ നിരക്കിൽത്തന്നെ രോഗവ്യാപനമുണ്ട് എന്നത് വളരെ ഗൗരവമർഹിക്കുന്ന വിഷയമായി കാണേണ്ടി വരും. 

പാറശ്ശാല, നെയ്യാറ്റിൻകര ഉൾപ്പടെയുള്ള മേഖലകളിൽ രോഗികളുടെ എണ്ണം കൂടുന്നത്, ഇവിടെയുള്ള ക്ലസ്റ്ററുകളിൽ പരിശോധനയുടെ എണ്ണം കൂട്ടേണ്ടതിന്‍റെ ആവശ്യകതയാണ് കാണിക്കുന്നത്. ഒപ്പം, കൂടുതൽ ക്ലസ്റ്ററുകൾ ജില്ലയിൽ രൂപപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടി വരും.