തിരുവനന്തപുരം/ പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചവര്‍ ചികിത്സ തേടിയ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലുള്ളവരും നിരീക്ഷണത്തിൽ. പനിക്കാണ് ഇവര്‍ ആദ്യം ചികിത്സ തേടിയത്. ഒരു ഡോക്ടറും രണ്ട് നേഴ്സുമാരും ഇവരെ പരിചരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ ചികിത്സക്ക് എത്തിയപ്പോഴും ഇറ്റലിയിൽ പോയ വിവരമോ യാത്രാവിശദാംശങ്ങളോ രോഗ ബാധിതര്‍ അറിയിച്ചിരുന്നില്ല . കൊറോണ സ്ഥിരീകരണം വന്നതോടെയാണ് രോഗികളെ പരിചരിച്ച ഡോക്ടറെയും രണ്ട് നേഴ്സുമാരേയും നിരീക്ഷിക്കുന്നത്. മൂന്ന് പേര്‍ക്കും അവധിയും നൽകിയിട്ടുണ്ട്. 

അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. പത്തനംതിട്ടയിലെ  പൊതുപരിപാടികൾ റദ്ദാക്കാൻ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വനിതാ ദിന പരിപാടികളും വെട്ടിച്ചുരുക്കി.മതപരമായ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.