Asianet News MalayalamAsianet News Malayalam

എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് കൊവിഡ്; ആശങ്കയായി ചെല്ലാനത്തെ രോഗവ്യാപനം

കൊച്ചിൻ കോർപ്പറേഷന് കീഴിലുള്ള എല്ലാ വാർഡുകളിലും കുറഞ്ഞത് 50 കിടക്കകളുള്ള താത്കാലിക ആശുപത്രികൾ ഉടൻ സജ്ജീകരിക്കാൻ നിർദേശം . ഇന്നലെ പുറത്തു വിടാൻ പറ്റാതിരുന്ന 35 കേസുകൾ ഇന്ന് പുറത്തുവിടും. ഈ കേസുകളെല്ലാം ചെല്ലാനത്ത് നിന്നാണ്. 

covid 19 doctor test positive in ernakulam more cases reported in chellanam says vs sunil kumar
Author
Kochi, First Published Jul 14, 2020, 3:32 PM IST

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാനസികാരോഗ്യ വിഭാഗത്തിലെ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 50 പേർക്കായിരുന്നുവെന്നും ഡാറ്റ എൻട്രി സ്റ്റാഫിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഉണ്ടായ സാങ്കേതിക തടസ്സം കാരണമാണ് 35 പേരുടെ കണക്ക് പുറത്ത് വിടാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ഇന്നലെ പുറത്തു വിടാൻ പറ്റാതിരുന്ന 35 കേസുകൾ ഇന്ന് പുറത്തുവിടും. മുപ്പത്തിയഞ്ച് കേസും ചെല്ലാനത്ത് നിന്നാണ്. ഇന്ന് 33 പേർക്ക് കൂടി ചെല്ലാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. 

ജില്ലയിൽ 405 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 9 പേർ ഐസിയുവിലാണ്. ചെല്ലാനം മേഖലയിലാണ് എറ്റവും കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചത്. 83 പേർക്കാണ് ചെല്ലാനത്ത് കൊവിഡ് പോസിറ്റീവായത്. ചെല്ലാനം മേഖലയിലെ രോഗലക്ഷണമുള്ളവരെയെല്ലാം ഇന്ന് തന്നെ പരിശോധയ്ക്ക് വിധേയരാക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നതായും സുനിൽ കുമാർ മാധ്യമങ്ങളെ അറിയിച്ചു. 

മൊബൈൽ മെഡിക്കൽ ടീം ചെല്ലാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ സുനിൽ കുമാർ ഭക്ഷ്യ കിറ്റ് നൽകാൻ തയ്യാറുള്ളവർ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു.

കൊച്ചിൻ കോർപ്പറേഷന് കീഴിലുള്ള എല്ലാ വാർഡുകളിലും കുറഞ്ഞത് 50 കിടക്കകളുള്ള താത്കാലിക ആശുപത്രികൾ ഉടൻ സജ്ജീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. എല്ലാ പ‌ഞ്ചായത്തുകളിലും ഡബിൾ ചേംബേർഡ് വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ പിവിഎസ് ആശുപത്രിയിൽ ഒ പി ആരംഭിക്കും. ചെല്ലാനത്ത് സെന്റ് മേരീസ് പള്ളിയുടെ ഹാളിൽ 50 കിടക്കകൾ ഉള്ള താത്‌കാലിക ആശുപത്രി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

കീഴ്മാട് ഒരു കുടുംബത്തിൽ നടന്നിട്ടുള്ള ചടങ്ങിൽ ആണ് 14ൽ അധികം രോഗികൾക്ക് രോഗം ബാധിച്ചത്. ഈ ചടങ്ങിൽ നൂറ് പേർ പങ്കെടുത്തു. 
ഇത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇത്തരം ചടങ്ങുകൾ ഒഴിവാക്കണമെന്ന് സുനിൽ കുമാർ ഓ‍ർമ്മിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios