Asianet News MalayalamAsianet News Malayalam

ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരം, ആവശ്യമെങ്കിൽ ലോക്ക്ഡൗൺ, പരിശോധന വ്യാപകമാക്കും

മറ്റ് മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂർ മേഖലയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ല. അതിനാൽത്തന്നെ അതീവജാഗ്രത ആവശ്യമാണെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം.

covid 19 ettumanoor town is critical zone more tests to be done if needed will declare lockdown
Author
Ettumanoor, First Published Jul 28, 2020, 3:24 PM IST

കോട്ടയം: ആന്‍റിജൻ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇവിടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. ആവശ്യമെങ്കിൽ മേഖലയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച നടത്തിയ ആന്‍റിജൻ പരിശോധനാ ഫലത്തിലാണ് 45 പേർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. 65 പേർക്കാണ് ആകെ പരിശോധന നടത്തിയത്. ഇതിൽ 45 പേർക്കും രോഗം കണ്ടെത്തിയതോടെ ഏറ്റുമാനൂർ പ്രത്യേക ക്ലസ്റ്ററായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു. ഇവിടെ സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രോഗം സ്ഥീരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്.

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനം കൂടുതല്‍ വികേന്ദ്രീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി ആന്‍റിജൻ, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തും. രോഗവ്യാപ്തി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ ലോക് ഡൗണ്‍ പോലെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ഏറ്റുമാനൂര്‍ ക്ലസ്റ്റര്‍ മേഖലയിലെ എല്ലാ വാര്‍ഡ് തല സമിതികളും സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി നി‍ർദേശിച്ചു. രോഗം സ്ഥിരീകരിച്ച പലര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്നത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മുറയ്ക്ക് മുന്‍കരുതലുകള്‍ സ്വീകരിച്ച് പരിശോധനയ്ക്ക് ആളുകളെ എത്തിക്കുന്നതിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന മേഖലയില്‍ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉള്‍പ്പെടെ വാർഡുതലസമിതികൾ ഇടപെട്ടേ തീരൂ. 

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ൻമെന്‍റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും ഒപ്പം കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഏറ്റുമാനൂർ ക്ലസ്റ്റര്‍. ഇവിടെ കർശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios