നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ചോദ്യം ചെയ്തത്. ഇഡി കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പ്, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, അനധികൃത സ്വത്ത് വർധനവ് തുടങ്ങിയ കേസുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അൻവർ ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി. കെ എഫ് സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി പരിശോധന.
കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കെ.എഫ്.സി മലപ്പുറം ചീഫ് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും പി.വി അന്‍വര്‍, സഹായി സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. കൊല്ലത്തെ വ്യവസായിയും പ്ലാന്‍റുമായ മുരുഗേഷ് നരേന്ദ്രന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടില്‍ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. കളളപ്പണ ഇടപാടില്‍ അന്‍വറിനെതിരെ ചില തെളിവുകള്‍ മുരുഗേഷ് നരേന്ദ്രൻ ഇഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.



