എകെ ബാലന്‍റെ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്പോൾ ബാലൻ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്

തിരുവനന്തപുരം: എകെ ബാലന്‍റെ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്പോൾ ബാലൻ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. എ കെ ബാലന് എതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും രൂക്ഷ വിമർശനമാണ് ഉയർന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്നും എ കെ ബാലൻ വാ തുറന്നാൽ പാർട്ടിക്ക് വോട്ട് പോവും, ചുമതലയില്ലാത്ത ബാലൻ എന്തിന് മാധ്യമങ്ങളെ കാണണം. അബദ്ധ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കരുത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെടിഡിസി ചെയർമാൻ പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യവും കമ്മിറ്റിയിൽ ഉയർന്നു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ശശി വർഗ വഞ്ചകനാണെന്നും ഇനിയും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കരുത്, ഇത് പാർട്ടിയ്ക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

എന്നാല്‍ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പിന്തുണച്ചത്. വർഗ്ഗീയത പറയുന്നവർ ആരായാലും അവരെ എതിർക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മുൻകാല അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ വർഗ്ഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യമാണ് ബാലൻ ഓർമ്മിപ്പിച്ചത്.

YouTube video player