കൊല്ലം: ഹോട്ട് സ്പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികില്‍സ തേടിയാലും അവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാൻ സര്‍ക്കാര്‍ തീരുമാനം. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരുണ്ടോ എന്നറിയാനാണ് പരിശോധന.

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും സമ്പർക്കത്തിലൂടെ രോഗം പടരുകയും ചെയ്ത സ്ഥലങ്ങളെയാണ് ഹോട്ട് സ്പോട്ടുകളാക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത സംസ്ഥാനസർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി തള്ളിക്കളയുന്നില്ല. സമൂഹ വ്യാപന സാധ്യതയും കണ്ടത്തേണ്ടതുണ്ട്. ഇതിനായാണ് ഈ മേഖലകളില്‍ നിന്ന് ചികിത്സ തേടുന്ന എല്ലാത്തരം രോഗികളേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കുന്നത്. ശസ്ത്രക്രിയ അടക്കം ചികില്‍സക്കെത്തുന്ന രോഗികളെ പരിശോധിക്കും.

''ഹോട്ട്സ്പോട്ട് മേഖലകളിൽ ഏത് രോഗം ബാധിച്ച് ആശുപത്രികളിലെത്തുന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതിലൂടെ, ഇവിടെ സമൂഹവ്യാപനമുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുമെന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ഒപ്പം, രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം രോഗലക്ഷണങ്ങളില്ലാതെ എത്തുന്ന എല്ലാവരെയും പരിശോധിക്കാനും കഴിയും'', ഡോ. അഷീൽ മുഹമ്മദ് പറയുന്നു. 

വിദേശത്തുനിന്ന വന്ന എല്ലാവരേയും പരിശോധിക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരേയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ വഴി തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയിൽ നിന്നും വന്ന പലര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം.

വെല്ലുവിളി അതിർ‍ത്തി കടന്ന് വരുന്നവർ

കൊവിഡ് പ്രതിരോധത്തിലിപ്പോൾ സംസ്ഥാനത്തിന്‍റെ പ്രധാന ആശങ്ക അയൽ സംസ്ഥാനങ്ങൾ വഴി ആളുകളെത്തുന്നതാണ്. അതിർത്തി വഴി തമിഴ്നാട്ടിൽ നിന്നെത്തിയ 4 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ലോക് ഡൗൺ തീരുന്നതോടെ അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ സ്ക്രീനിങ് വെല്ലുവിളിയാണന്ന് മന്ത്രി കെ കെ ശൈലജ ന്യൂസ് അവറിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊവിഡിനെ നേരിട്ട മുന്നനുഭവങ്ങളില്ലെന്നത് തന്നെയാണ് കൊവിഡിനെതിരായ പോരാട്ടത്തിലെ ആദ്യ കടമ്പ. സമൂഹവ്യാപനമില്ലാതെ മൂന്നാംഘട്ടം വരെ നിയന്ത്രണത്തിലാണെങ്കിലും തമിഴ്നാട്ടിലെ സ്ഥിതി ആശങ്കയുണ്ടാക്കുന്നു. ''ഊടുവഴികളിലൂടെയും മറ്റും അതിർത്തി കടന്ന് എത്തുന്നവരാണ് ഈ ഘട്ടത്തിലെ പ്രധാന വെല്ലുവിളി. ഇവരിൽ നിന്ന് സമൂഹവ്യാപനമുണ്ടാകാതിരിക്കാനാണ് സംസ്ഥാനം കിണഞ്ഞു ശ്രമിക്കുന്നത്. ഇതെളുപ്പമല്ല'', എന്ന് മന്ത്രി.

ലോക്ക് ഡൗൺ ഒരു മാസം പിന്നിട്ടിട്ടും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. ലോക്ക് ഡൗൺ തീരുന്നതോടെ സംസ്ഥാനത്തിന് പുറത്തുള്ളവരെയും വിദേശത്ത് നിന്ന് പ്രവാസികളെയും തിരികെയെത്തിക്കണം. കേരളത്തിന്റെ ചികിത്സാ സംവിധാനമാകെ പരീക്ഷിക്കപ്പെടുന്ന ഘട്ടമാകുമിത്. 

2 ലക്ഷത്തോളം പേരെ മുൻകൂട്ടിക്കണ്ട് സംവിധാനം ഒരുക്കിക്കഴിഞ്ഞു. വയോജനങ്ങളും ജീവിത ശൈലീ രോഗങ്ങളടക്കമുള്ളവരെയും കണ്ട് പ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് ബാധയെത്താതെ സംരക്ഷിക്കണം. 45 ലക്ഷമാണ് കേരളത്തിലെ വയോജനങ്ങളുടെ മാത്രം കണക്ക്. 7 ലക്ഷത്തോളം പ്രമേഹരോഗികളുണ്ട്. ഹദ്രോഗവും വൃക്കരോഗവും അടക്കം ഉള്ളവർ വേറെ. വെന്റിലേറ്ററുകളുടെ കുറവടക്കം ഈ ഘട്ടത്തിൽ പ്രതിസന്ധിയാകും. കേരളത്തിൽ നിലവിൽ ഇതു വരെ രോഗം ബാധിച്ചയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകർന്നതിന്‍റെ തോത് അന്താരാഷ്ട്ര തലത്തിലുള്ളതിനേക്കാൾ നന്നേ കുറവാണ്. മരണ നിരക്കും കുറവ്. വാക്സിൻ എത്തുന്നത് വരെ ഏതു വിധേനയും പിടിച്ചുനിൽക്കുകയെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദർ വിശദീകരിക്കുന്ന സമീപനം.