Asianet News MalayalamAsianet News Malayalam

ശ്രീചിത്ര ആശുപത്രിയിൽ പ്രതിസന്ധി; 30 ഡോക്ടര്‍മാര്‍ കൊവിഡ് നിരീക്ഷണത്തിൽ

ശ്രീചിത്രയിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ് . ആറ് വിഭാഗങ്ങളിലെ ഡോക്ടർമാർ വീടുകളിൽ ആണ് നിരീക്ഷണത്തിൽ കഴിയുന്നത്

COVID 19 high alert in Sree Chitra Tirunal Institute for Medical Sciences & Technology
Author
Trivandrum, First Published Mar 16, 2020, 9:46 AM IST

തിരുവനന്തപുരം: കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായി കനത്ത ജാഗ്രതയിൽ ശ്രീചിത്ര ആശുപത്രി. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താൻ ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൂടുതൽ ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറ് വിഭാഗങ്ങളിലെ ഡോക്ടർമാർ വീടുകളിൽ ആണ് നിരീക്ഷണത്തിൽ കഴിയുന്നത്. മുപ്പത് ഡോക്ടര്‍മാരാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു.

ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളുന്നതിന്‍റെ ഭാഗമായാണ് യോഗം. മാര്‍ച്ച് ഒന്നിന് സ്പെയിനിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാം നിരീക്ഷണത്തിലാണ്. 

പ്രധാന വകുപ്പുകളിലെ തലവൻമാരടക്കം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട് .ഇതെല്ലാം മറികടക്കുന്നതിന് ഉള്ള നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗത്തിൽ ചര്‍ച്ചയാകും. 

കൊവിഡ് മുൻകരുതൽ പട്ടികയിൽ സ്പെയിൻ ഇല്ലാത്തതിനാൽ വിദേശത്തു നിന്ന് എത്തിയ ഡോക്ടര്‍ ആദ്യഘട്ടത്തിൽ മുൻകരുതലൊന്നും എടുത്തിരുന്നില്ല. മാത്രമല്ല പത്ത് പതിനൊന്ന് തീയതികളിൽ മാസ്ക് ധരിച്ച് ഡോക്ടര്‍ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യം വലിയ ഗൗരവമുള്ളത് തന്നെയെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. വിശദമായ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് തീരുമാനം. 

ഒരു പ്രധാന ആശുപത്രിയുടെ അവസ്ഥ ഇതായിരിക്കെ തിരുവനന്തപുരം ജില്ലയിൽ മാത്രം 1449 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയൻ പൗരൻ സഞ്ചരിച്ച വര്‍ക്കലയിലും പ്രത്യേക യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായി സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും വിശദമായി തയ്യാറാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios