കാസര്‍കോട്: കൊവിഡ് നിരക്ക് ഉയര്‍ന്ന് നിന്നിരുന്ന കാസര്‍കോടിന് ആശ്വാസമായി പുതിയ കണക്കുകൾ പുറത്ത്. പതിനാല് പേര്‍ കൂടി രോഗവിമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്‍റെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ജനറൽ ആശുപത്രിയിൽ നിന്നുള്ള അഞ്ചുപേർക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ആറുപേർക്കും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്. മെഡിക്കൽ ബോർഡിന്റെ അനുമതി കിട്ടുന്നതോടെ ഇവർ ആശുപത്രി വിടും. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 38 ആവുകയാണ്. 127 പേരാണ് ഇനി ചികിത്സയിലുള്ളത്.

അതേസമയം രോഗ വ്യാപനം പിടിച്ച് നിര്‍ത്താനും പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും കര്‍ശന സുരക്ഷയാണ് കാസര്‍കോട് ഏര്‍പ്പെടുത്തുന്നത്. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവുമെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. ജില്ലയിൽ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. കൊവിഡ് ബാധിത പ്രദേശങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൽ ലോക്കിംഗ് നിലവിൽ വരും. രോഗ വ്യാപനത്തിനുള്ള സാധ്യതകൾ പൂർണമായും അടക്കുകയാണ് പ്രത്യേക നിയന്ത്രണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ആദ്യം പ്രഖ്യപിച്ച ലോക്ക് ഡൗണിനു പുറമെ സെക്ടർ ലോക്കിംഗ് കാസര്‍കോട് നടപ്പിലാക്കിയിരുന്നു. മൂന്നാംഘട്ടമായാണ് പ്രത്യേക നിയന്ത്രണങ്ങൾ വരുന്നത്. കൊവിഡ് കൂടുതലായി വ്യാപിച്ച ഇടങ്ങളിൽ അഞ്ചു വീടുകൾ കേന്ദ്രീകരിച്ച് ബൈക്ക് പട്രോളിംഗ് നടത്തും. കൂടെ ഡ്രോൺ നിരീക്ഷവും പ്രത്യേക മൊബൈൽ ആപ്പും എല്ലാം നിലവിലുണ്ട്. 

രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത അഞ്ചു പഞ്ചായത്തുകളിലും കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലും ആരോഗ്യ വകുപ്പ് പ്രത്യേക സമൂഹ സർവ്വേ നടത്തും. ചികിത്സ ലഭ്യമാകാത്ത മറ്റു രോഗികളെ കണ്ടെത്താനാണിത്