എസ്എസ്എല്‍സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‍സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ല. 

കോട്ടയം: കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച് 10) അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‍സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ല. കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിലവിൽ 7 പേർ നിരീക്ഷണത്തിലാണ്. 

അതേസമയം, കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തില്‍ നാഗമ്പടം സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കുമ്പസാരം, കൗണ്‍സലിംഗ്, കൈവെപ്പ് ശുശ്രൂഷ എന്നിവ താല്‍ക്കാലികമായി റദ്ദാക്കി. വിശുദ്ധ കുര്‍ബാന സ്വീകരണം നാവിനു പകരം കൈകളിലായിരിക്കും നടത്തുക. പള്ളിയിലെ ശുശ്രൂഷകള്‍ കോട്ടയം സെന്‍റ് ആന്‍റണീസ് ചര്‍ച്ച് എന്ന യൂട്യൂബ് ചാനലില്‍ ലഭ്യമാകുന്നതായിരിക്കും. പ്രായമുള്ളവരും രോഗ സാധ്യതയുളളവരും വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കാനും നിര്‍ദ്ദേശം.