പാലക്കാട്: കൊവിഡ് 19 വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസർ നിർമ്മാണം വ്യാപകമാകുന്നു. പാലക്കാട് മുതലമടയിൽ ലൈസൻസില്ലാതെ നിർമ്മിച്ച വ്യാജ സാനിറ്റൈസറുകൾ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പിടികൂടി. രണ്ടിരട്ടി വിലയ്ക്കാണ് സാനിറ്റൈസറുകൾ വിപണിയിലെത്തിക്കുന്നത്.

മുതലമടയിലെ പോത്തമ്പാടത്ത് പ്രവർത്തിക്കുന്ന ഹാപ്പി ഹെർബൽ കെയർ എന്ന സ്ഥാപനത്തിലാണ് ഡ്രഗ്സ് കണ്ട്രോൾ വിഭാഗം മിന്നൽ പരിശോധന നടത്തിയത്. നിർമ്മാണ ലൈസൻസില്ലാതെ നിർമ്മിച്ചതും കൂടിയ വില രേഖപ്പെടുത്തിയതുമായ നൂറുകണക്കിന് സാനിറ്റൈസർ ബോട്ടിലുകളും നിർമ്മാണ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. വ്യാജമായ ലൈസൻസ് ലേബൽ പ്രിന്റ് ചെയ്ത 100 ml ബോട്ടിലുകൾ 180 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. സംസ്ഥാനത്തു കൊവിഡ് 19 സ്ഥിരീകരിചത് മുതൽ സാനിറ്റൈസറുകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇത് മുതലെടുത്താണ് ഗുണനിലവരമില്ലാത്ത സാനിറ്റൈസറുകൾ വില കൂട്ടി വിപണിയിലെത്തിക്കുന്നത്.

യാതൊരു മാനദണ്ഡവും പാലിക്കാതെ നിർമ്മിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. കണ്ടെടുത്ത സാനിറ്റൈസറുകളും രേഖകളും ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക