കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നാല് ഘട്ടങ്ങളിലായി പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ഇറ്റലിയിൽ നിന്നെത്തിയ 21 പേരെയും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ രണ്ട് ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലായി 26 പേർ നിരീക്ഷണത്തിലുണ്ട്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന ആഭ്യന്തര-രാജ്യാന്തര യാത്രക്കാരെ മുഴുവനും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നാല് തലങ്ങളിലായാണ് പരിശോധന. വിമാനത്താവളത്തിലെ സ്ക്രീനിംഗ് പ്രവർത്തനങ്ങൾ മന്ത്രി വിഎസ് സുനിൽകുമാർ വിലയിരുത്തി. കൂടുതൽ യാത്രക്കാരെ ഐസൊലേഷനിലേക്ക് മാറ്റേണ്ടി വന്നാൽ അതിനുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയി ഹോസ്റ്റലിലും കുസാറ്റ് ഹോസ്റ്റലിലുമായി 250 മുറികൾ ഒരുക്കിയിട്ടുണ്ട്. 

കൊവിഡ് 19 അസുഖലക്ഷണങ്ങൾ മാറിയതിനെ തുടർന്ന് ഏഴുപേരെ ഡിസ്ചാർജ് ചെയ്തു. കളമശേരി മെഡിക്കൽ കോളേജിലെ 19 ഉം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ 7 ഉം ഉൾപ്പെടെ 26 പേരാണ് ജില്ലയിലെ ആശുപത്രികളിൽ നിലവിൽ നിരീക്ഷണത്തിലുള്ളത്. എറണാകുളം ജില്ലയിൽ വീടുകളിൽ ആകെ 618 പേർ നിരീക്ഷണത്തിലുണ്ട്.

ഇറ്റലിയിൽ നിന്നെത്തിയ 21 പേരെയും അവരവരുടെ വീടുകളിലാണ് നിരീക്ഷിക്കുന്നത്. 33 പേരുടെ സ്രവസാമ്പിളുകള്‍ ആലപ്പുഴ എൻഐവിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഡോക്ടറുമായി വീഡിയോ കോളിലൂടെ സംസാരിക്കാനുള്ള സംവിധാനവും ജില്ലാ കൺട്രോൾ റൂമിൽ ഒരുക്കിയിട്ടുണ്ട്.