തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തിൽ ഇടതുമുന്നണിയിൽ താൽക്കാലിക വെടിനിർത്തലെന്ന് സൂചന. ഇന്ന് ജനയുഗത്തിലെ എഡിറ്റോറിയൽ പേജിൽ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ എഴുതിയ മുഖപ്രസംഗത്തിൽ സ്പ്രിംക്ളർ വിവാദത്തെക്കുറിച്ച് ഒരു വരി പോലുമില്ല. ബിജെപിയെയും യുഡിഎഫിനെയുമാണ് അദ്ദേഹം ലേഖനത്തിൽ കടന്നാക്രമിക്കുന്നത്. മുന്നണിയിലെ തന്നെ ഭിന്നത തലവേദനയായിരുന്ന സംസ്ഥാനസർക്കാരിന് കരുത്ത് പകരുന്നതാണ് സിപിഐയുടെ പുതിയ നീക്കം. ഈ വിഷയത്തിൽ ഇനി പരസ്യവിമർശനത്തിന് സിപിഐ ഇല്ലെന്ന സൂചന നൽകുന്നത് കൂടിയാണ് ഈ മുഖപ്രസംഗം.

വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ അമേരിക്കൻ കമ്പനിയെ ഏൽപിച്ചതിൽ പാകപ്പിഴകളുണ്ടായെന്നും, ഇതിൽ അതൃപ്തിയുണ്ടെന്നും സിപിഐ തന്നെ മുന്നണിയിൽ തുറന്നുപറഞ്ഞിരുന്നു. കാബിനറ്റിലോ, മുന്നണിയിലോ ഒരു അമേരിക്കൻ കമ്പനിയെ ഈ ഡാറ്റാ കരാർ ഏൽപിച്ചതിനെക്കുറിച്ച് ചർച്ച നടത്താതിരുന്നതാണ് സിപിഐയുടെ അതൃപ്തിയ്ക്ക് ഇടയാക്കിയത്. ഇതേത്തുടർന്ന് കോടിയേരി കാനം രാജേന്ദ്രനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ഐടി സെക്രട്ടറി എം ശിവശങ്കർ എം എൻ സ്മാരകത്തിലെത്തി കാനത്തെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇത് ഭിന്നത പരിഹരിച്ചെന്നാണ് സൂചന. 

കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് പൂർണ്ണ പിന്തുണ നൽകിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമാണ് കാനം രാജേന്ദ്രന്‍റെ ലേഖനം. സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ നേടിയെന് ജനയുഗത്തിലെഴുതിയ ലേഖനത്തിൽ കാനം പ്രശംസിച്ചു. പ്രതിപക്ഷവും ബി ജെ പിയും സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാന താൽപര്യത്തിന് എതിരായതാണെന്ന് കാനം ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. 

നേരത്തേ കൊവിഡ് പ്രതിസന്ധി അവസാനിച്ച് കഴി‌ഞ്ഞാൽ ഉടൻ സ്പ്രിംക്ളറിൽ സംഭവിച്ചതിനെക്കുറിച്ച് വിശദമായ ചർച്ച മുന്നണിയിൽ നടത്താമെന്ന് സിപിഎം സിപിഐയ്ക്ക് ഉറപ്പ് നൽകിയിരുന്നതാണ്. ഡാറ്റാ സുരക്ഷ സംബന്ധിച്ച് മുന്നണിയുടെ എല്ലാ നിലപാടുകളും സംരക്ഷിച്ചുകൊണ്ട് തന്നെയാണ് കരാറിൽ ഒപ്പുവച്ചത്. അക്കാര്യം വിശദീകരിക്കാമെന്നും സിപിഎം ഉറപ്പ് നൽകിയിരുന്നതാണ്. സിപിഐയ്ക്ക് കരാറിൽ അതൃപ്തിയുണ്ടായിരുന്നുവെന്ന് പരോക്ഷമായി സമ്മതിച്ച് ഇന്നലെ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞതിങ്ങനെ:

''ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക ഇപ്പോഴത്തെ അനുഭവങ്ങൾ കൂടി സ്വാംശീകരിച്ചാകും. സിപിഐ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സഹോദരപ്പാർട്ടിയാണ്. എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം ചർച്ച ചെയ്യും. അക്കാര്യത്തിൽ ഞങ്ങൾ തമ്മിൽ വൈമനസ്യമൊന്നുമില്ല. കാനവും ഞാനും തമ്മിൽ ഇന്നലെ ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തി. ഞങ്ങൾ എല്ലാം സംസാരിച്ച് വ്യക്തത വരുത്തും'', എന്ന് കോടിയേരി.

എന്നാൽ കാനവും കോടിയേരിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ ആശ്ചര്യജനകമായി ഒന്നുമില്ലല്ലോ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചത്. ''അവർ സ്ഥിരമായി കൂടിക്കാഴ്ച നടത്തുകയും തമ്മിൽ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നവരല്ലേ? അതിൽ ആശ്ചര്യജനകമായി എന്താണുള്ളത്?'', എന്ന് മുഖ്യമന്ത്രി. 

Read more at: സ്പ്രിംക്ലര്‍ കരാര്‍: കാനം കോടിയേരിയെ കണ്ട് അതൃപ്തി അറിയിച്ചു, ഐടി സെക്രട്ടറി സിപിഐ ആസ്ഥാനത്ത്