Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച കണ്ണൂർ സ്വദേശി രോഗമുക്തിയിലേക്ക്; രണ്ടാമത്തെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

പരിയാരം മെഡിക്കൽ കോളേജിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്.  ഇദ്ദേഹവുമായി ഏറ്റവും അടുത്ത് ഇടപഴകിയത് ഭാര്യയും അമ്മയുമാണ്

Covid 19 Kannur patient latest swab test result became negative
Author
Kannur, First Published Mar 15, 2020, 10:09 PM IST

കണ്ണൂർ: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ സ്രവ പരിശോധന ഫലം നെഗറ്റീവ്. ഇനി ഒരു സ്രവ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. അത് കൂടി നെഗറ്റീവാണെങ്കിൽ ഇദ്ദേഹം കേരളത്തിൽ രോഗമുക്തി നേടുന്ന നാലാമത്തെയാളാകും. ഇദ്ദേഹത്തിന്റെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

പരിയാരം മെഡിക്കൽ കോളേജിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്.  ഇദ്ദേഹവുമായി ഏറ്റവും അടുത്ത് ഇടപഴകിയത് ഭാര്യയും അമ്മയുമാണ്. അതേസമയം ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാ ഫലം നാളെ വരും.

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടൻ സ്വദേശിക്ക് പുറമെ വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 21 ആയി. അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. 

മൂന്നാർ സംഭവം വിവാദമാക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിന് ഭഗീരഥ പ്രവർത്തനമാണ് നടത്തുന്നത്. ബ്രിട്ടൻ സ്വദേശിയുടെ ഫലം പോസിറ്റീവ് ആണെന്ന് വ്യക്തമായത് ഇന്നലെ രാത്രിയാണ്. വിദേശത്തു നിന്നു വന്നവരിൽ പലരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 5150 വിദേശികളെത്തിയിട്ടുണ്ട്. സർക്കാരിന്റെ നിർദേശം പാലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഏഴുപേരെ ഇന്നലെ നാട്ടിലെത്തിച്ചു. അർധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേർ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു.

കൊവിഡ് രോഗി നേരിട്ട് ഇടപഴകിയ 15 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പർക്കപ്പട്ടിക ഉണ്ടാക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്ന് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ കണ്ണൂരിൽ യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യും. കണ്ണൂരിൽ ഇതുവരെ 30 പേർ ആശുപത്രികളിലും 200 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios