കാസർകോട്: ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാസർകോട്ടെ രണ്ട് എംഎൽഎമാർ സ്വയം ഐസൊലേഷനിലേക്ക് മാറാൻ തീരുമാനിച്ചു. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്. ഒരു വിവാഹച്ചടങ്ങിൽ വച്ചും വഴിയിൽ വച്ചുമാണ് എംഎൽഎമാരും കൊവിഡ് സ്ഥിരീകരിച്ച രോഗിയെ കാണുകയും ഹസ്തദാനം ചെയ്യുകയും ചെയ്തിരുന്നു എന്ന് വ്യക്തമായിരിക്കുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് കാസർകോട് ജില്ലയിൽ രണ്ടാമതൊരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാനസർക്കാർ വ്യക്തമാക്കിയത്. ഇദ്ദേഹത്തെ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ കണ്ടത് വഴിയിൽ വച്ചാണ്. കാറിൽ പോകുമ്പോൾ കൈ കാണിച്ചപ്പോൾ നിർത്തി. നേരത്തേ പരിചയമുള്ള ആളായതിനാൽ, വാഹനം നിർത്തി. അവിടെ വച്ച് ഖമറുദ്ദീനുമായി ഇദ്ദേഹം കൈ കൊടുക്കുകയും ഫോട്ടോ എടുക്കുകയും അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തിരുന്നു. മറ്റൊരു വിവാഹച്ചടങ്ങിലും രോഗി പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിലിനെ രോഗി കാണുന്നതും സംസാരിക്കുന്നതും. 

11-ാം തീയതി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലാണ് ഇദ്ദേഹം വിമാനമിറങ്ങിയത്. ദുബായിൽ നിന്ന് മടങ്ങിയെത്തുകയായിരുന്നു. അന്ന് കോഴിക്കോട് ഒരു ഹോട്ടലിൽ ഇദ്ദേഹം തങ്ങി. പിന്നീട് പിറ്റേന്ന്, അതായത് 12-ാം തീയതി മാവേലി എക്സ്പ്രസിൽ കാസർകോട്ടേക്ക് വന്നു. 12-ാം തീയതി മുതൽ 17-ാം തീയതി വരെ ഇദ്ദേഹം കാസർകോടുണ്ടായിരുന്നു. ഇതിനിടെ പല പൊതുപരിപാടികളിലും രോഗി പങ്കെടുത്തിട്ടുണ്ട്. രണ്ട് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു, ഒരു ഫുട്ബോൾ മത്സരത്തിൽ കളിക്കാനിറങ്ങി, മറ്റൊരു പൊതുപരിപാടിയിലുമെത്തി. ഇദ്ദേഹത്തിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് തീർത്തും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് തന്നെയാണ് കാസർകോട് ജില്ലാ ഭരണകൂടം വ്യക്തമാകുന്നത്. 

ഇദ്ദേഹവുമായി ഇടപഴകിയിരുന്നു എന്ന് വ്യക്തമായതിനെത്തുടർന്ന് സ്വയം ഐസൊലേഷനിൽ പോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

''ഇന്ന് രാവിലെത്തന്നെ കളക്ടറുമായി സംസാരിച്ചു. സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചതാണ്. പതിനാല് ദിവസമെങ്കിലും ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികൾ നിരവധി തിരികെയെത്തുന്ന ജില്ലയാണ് കാസർകോട്. വിദേശത്ത് നിന്ന് തിരികെയെത്തിയവർ ജാഗ്രത പാലിക്കണം. അവധി പ്രഖ്യാപിച്ചത് ആഘോഷിക്കാനല്ല. പൊതുപരിപാടികളിൽ ഐസൊലേഷനിൽ കഴിയുന്നവർ പങ്കെടുക്കരുത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇദ്ദേഹത്തെ കണ്ടത്. വലിയ തിരക്കില്ലാത്തപ്പോഴാണ് ഞാൻ പോയത്. എന്നാൽ ഇദ്ദേഹത്തിന് രോഗം ഉണ്ടെന്ന് അന്ന് മനസ്സിലായിരുന്നില്ലല്ലോ'', എന്ന് എൻ എ നെല്ലിക്കുന്നിൽ.

ഇനി ജാഗ്രത പാലിച്ചില്ലെങ്കിൽ സാമൂഹ്യവ്യാപനത്തിലേക്ക് കാര്യങ്ങൾ നീങ്ങും. സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിർദേശങ്ങൾ പാലിക്കണമെന്നും എംഎൽഎ പറയുന്നു. ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. എല്ലാ പരിശോധനകൾക്കും വിധേയനാകും. വീട്ടിലിരുന്നാലും ഞാൻ എല്ലാവരുമായും ഫോണിൽ സംസാരിക്കും. എന്നെ കാണാൻ വരുന്നവർ സ്വയം നിയന്ത്രണം പാലിക്കണം. അത്യാവശ്യമല്ലാത്തവർ വരരുത്, ഫോണിൽ വിളിക്കൂ - എന്ന് എംഎൽഎ.

ദുബായ് നൈഫിൽ നിന്ന് വന്നവർ ഉടൻ റിപ്പോർട്ട് ചെയ്യണം

ദുബായിലെ നൈഫ് എന്നയിടത്ത് നിന്ന് തിരികെയെത്തിയരാണ് കാസർകോട്ട് രോഗബാധ സ്ഥിരീകരിച്ച രണ്ട് പേരും. ഒരു ചൈനീസ് മാർക്കറ്റ് അടക്കം സ്ഥിതി ചെയ്യുന്ന ഇവിടെ നിന്ന് വന്ന എല്ലാവരും ഉടനടി റിപ്പോർട്ട് ചെയ്യണമെന്നാണ് കാസർകോട് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഫെബ്രുവരി 20-ന് ശേഷം നൈഫിൽ നിന്ന് വന്ന എല്ലാ പ്രവാസികളും തൊട്ടടുത്തുള്ള പിഎച്ച്‍സികളിൽ റിപ്പോർട്ട് ചെയ്യണം. സ്വയം പരിശോധനയ്ക്ക് വിധേയരാകണം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക