തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ആശുപത്രികളിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളില്‍ അടിയന്തര ചികിത്സക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ട് ചിലയിടങ്ങളില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

'രക്തദാനത്തിന് തയ്യാറാകുന്നവർ മുന്നോട്ടുവരണം. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാനുള്ള സംവിധാനമുണ്ടാകും. രക്തദാനസേന രൂപീകരിച്ചിട്ടുള്ള സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധിക്കണം' എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാലും ആലപ്പുഴയില്‍ രണ്ടും പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നിവിടങ്ങള്‍ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേർ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അതേസമയം 13 പേർക്ക് കൂടി രോഗം ഭേദപ്പെട്ടു. 345 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക