തിരുവനന്തപുരം: കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള സ്ഥിരം വാർത്താസമ്മേളനങ്ങൾ നാളെ മുതൽ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് മുൻകരുതലെന്ന നിലയിൽ ശാരീരിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. മാധ്യമ മേധാവിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഉയർന്ന നി‍ർദ്ദേശമാണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് മുതൽ തന്നെ ഒഴിവാക്കാമെന്ന് കരുതിയിരുന്നെങ്കിലും എല്ലാവരോടും പറഞ്ഞിട്ട് നിർത്താമെന്ന് കരുതിയാണ് ഒരു ദിവസം കൂടി വാർത്താസമ്മേളനം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതൽ മറ്റൊരു മാർഗം സ്വീകരിക്കാമെന്നായിരുന്നു മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്. ചോദ്യം ചോദിക്കാൻ പറ്റില്ലല്ലോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അതിനും സംവിധാനമുണ്ടാക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറ് മീഡിയാ റൂമില്‍ വച്ചായിരുന്നു. എന്നാൽ 18-ാം തീയതി മുതൽ ഇത് മാറ്റി. കാർപോർട്ട് ഏരിയയിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് വാർത്താ സമ്മേളനം. കൃത്യമായ അകലം പാലിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കസേരകള്‍ ഇട്ടിരുന്നതും. തൊട്ടുപിറകിലായി മാധ്യമങ്ങളുടെ ക്യാമറകളും. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇരിക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരമൊരു സംവിധാനമൊരുക്കിയത്. 

ഇനി മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെയായിരിക്കും വാർത്താസമ്മേളനം എന്നാണ് അറിയാൻ കഴി‍ഞ്ഞത്. പിആർഡി വഴി വാർത്താസമ്മേളനത്തിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമാക്കും.