Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ്, എട്ട് കേസുകൾ കാസർകോട്ട് നിന്ന്

ഇത് വരെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 256 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 

Covid 19 Kerala Daily Pinarayi vijayan press meet daily update
Author
Trivandrum, First Published Apr 2, 2020, 6:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേർ കാസർകോടും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലിയിലും , തിരുവനന്തപുരം , തൃശ്സൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോര്ർട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ഒരു സ്ത്രീക്കും പുരുഷനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിലെ രോഗബാധിതയായ ഏകധ്യാപികയുടെ ഏഴ് വയസുള്ള മകനും കൊല്ലത്ത് വിദേശത്തു നിന്നും വന്ന 27 വയസുള്ള ഗർഭിണിയായ യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

മുൻകരുതലിൻ്റെ ഭാഗമായി കാസർകോട്, കണ്ണൂ‍ർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നി ജില്ലകൾ കൊവിഡ് ഹോട്ട്സ്പോട്ടായി(തീവ്രബാധിതമേഖലകൾ)  പ്രഖ്യാപിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

286 പേ‍‍ർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 256 പേ‍ർ ഇപ്പോൾ ചികിത്സയിലുണ്ട്.1,65,934 പേ‍ർ ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,65,297 പേ‍ർ വീടുകളിലും 643 പേ‍ർ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8456 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം  നെ​ഗറ്റീവ് റിസൽട്ടാണ്.

ഇന്നു പൊസീറ്റീവായതടക്കം ഇതുവരെ രോ​ഗബാധിതരായ 200 പേ‍ർ വിദേശത്തു നിന്നും വന്നതാണ്. അതിൽ ഏഴ് പേ‍ർ വിദേശികളാണ്. രോ​ഗികളുമായി സമ്പ‍ർക്കം ബാധിച്ച 76 പേ‍ർക്ക് രോ​ഗം കിട്ടി. ഇന്നു രോ​ഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമൂദിനിൽ പോയവരാണ് ഇതിൽ ഒരാൾ ​ഗുജറാത്തിൽ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോ​ഗികളുടെ ഫലം നെ​ഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെ​ഗറ്റീവായിട്ടുണ്ട്.

ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികൾ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു.

ഇവിടെ നിന്നും വിദേശത്തു പോയി ജോലി ചെയ്യുന്ന നഴ്സുമാ‍ർക്ക് വ്യക്തി​ഗത സുരക്ഷാഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം വിദേശത്തു കൊവിഡ് അല്ലാത്ത കാരണം കൊണ്ട് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തടസങ്ങൾ നീക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 

സംസ്ഥാനന്തരചരക്കുനീക്കം ഒരു രീതിയിലും തടസപ്പെടാൻ പാടില്ലെന്നും രാജ്യം ഒറ്റക്കെട്ടായി നിന്നും കൊവിഡ് വൈറസിനെ നേരിടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം ലോക്ക് ഡൗൺ പിൻവലിക്കുന്ന ഘട്ടത്തിൽ അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ യാത്രാ സൗകര്യം ഒരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റിം​ഗ് സെന്ററുകൾ തുടങ്ങേണ്ടതിന്റെ ആവശ്യകതയും കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങാൻ പോകുന്ന കാര്യവും ഇതിനെല്ലാം കേന്ദ്രത്തിന്റെ പിന്തുണ വേണമെന്നും അറിയിച്ചു. ചില കാര്യങ്ങൾ പ്രധാനമന്ത്രി ഇങ്ങോട്ടും നി‍ർദേശിച്ചു. എൻസിസി-എൻഎസ്എസ് വളണ്ടിയർമാരെ കൂടെ ചേർത്ത് സന്നദ്ധപ്രവർത്തനം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നി‍ർദേശിച്ചിട്ടുണ്ട്.

നിലവിൽ കേരളത്തിലെ സന്നദ്ധസേനയിൽ 2.31 ലക്ഷം പേ‍ർ ചേ‍ർന്നിട്ടുണ്ട്. ഇതോടൊപ്പം യുവജന കമ്മീഷൻ വഴി 12000 പേരും രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവർക്കൊപ്പം എൻസിസി - എൻഎസ്എസ് വളണ്ടിയർമാരും ഇതോടൊപ്പം ചേരും. 


നിലവിലെ പ്രതിസന്ധിയിൽ സംസ്ഥാനത്തിൻ്റെ വായ്പ പരിധി ഉയർത്തണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിലെ മൂന്ന് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി ഇതു ഉയർത്തണം എന്നാണ് ആവശ്യപ്പെട്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 157 കോടി രൂപ സംസ്ഥാന ദുരന്തനിവാരണഫണ്ടിൽ നിന്നും ലഭ്യമാക്കും. മാർച്ച് 5 മുതൽ 24 വരെ വിദേശത്തു നിന്നും വന്നവർ നിർബന്ധമായും ഐസൊലേഷനിലേക്ക് പോകണം. കൊവിഡ് മരണം ഉണ്ടായ പോത്തൻകോട് അതിശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിയും തുടരും. 

ലോക്ക് ഡൗൺ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി പക‍ർച്ച വ്യാധി നിയന്ത്രണനിയമപ്രകാരം 1663 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു. സ‍ർവീസ് പെൻഷൻ വിതറണം പരാതിയില്ലാതെ ആദ്യത്തെ ദിവസം പൂ‍ർത്തിയായിട്ടുണ്ട്. ഇന്ന് മാത്രം 13.61 ലക്ഷം പേർ റേഷൻ വാങ്ങി. ഇതോടെ ആകെ 2.83 ലക്ഷം പേ‍ർ സംസ്ഥാനത്ത് റേഷൻ വാങ്ങി. 

വയനാട്ടിലെ ആദിവാസി മേഖലകളിൽ റേഷൻ വാങ്ങാത്തവരുടെ പേരിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങിയതായി രേഖയുണ്ടാക്കി സാധനങ്ങൾ തട്ടുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ക‍ർശനമായ നടപടിയുണ്ടാവും. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാ​ഗമായി ഒരു ലക്ഷം ബെഡുക്കൾ സജ്ജമാക്കും. ആശുപത്രികൾ കൂടാതെ ഒഴിഞ്ഞു കിടക്കുന്ന ഹോസ്റ്റലുകളും മറ്റും ഇതിനായി ഉപയോ​ഗപ്പെടുത്തും.

ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു ഒരു സമയമാണിത്. പലവിധ പക‍ർച്ച വ്യാധികളും വൈറസ് രോ​ഗങ്ങളും വരാൻ സാധ്യതയുണ്ട്. വീടും പരിസരവും ശുചിയായി വയ്ക്കാൻ ശ്രദ്ധിക്കുക.നിർമ്മാണ തൊഴിലാളികൾക്ക് 1000 രൂപ വീതം ക്ഷേമനിധിയിൽ നിന്ന് നൽകും.വീടുകൾ അണുവിമുക്തമാക്കാൻ എന്ന പേരിൽ ചിലർ ലോറിയിൽ വെള്ളവുമായി നടക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ ബാനറും കൊടിയും വച്ചുള്ള ഇത്തരം പ്രചരണ പരിപാടികൾ ഒഴിവാക്കണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ 11 നഴ്സുമാരെ പിരിച്ച് വിട്ടത് അംഗീകരിക്കില്ല ഇക്കാര്യത്തിൽ ഇടപെടും.

കൊവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട ചില വ്യാജവാ‍ർത്തകളും വ്യാജ ആപ്പുകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കാസർക്കോട്ടെ ക‍ർണാടക അതിർത്തി തുറന്നതായും ഇന്നലെ ചില വ്യാജവാർത്തകൾ പ്രചരിക്കുകയും ആളുകൾ അവിടെ തടിച്ചു കൂടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത പ്രചാരണം തടയാൻ പൊലീസ് ഇടപെടും. 

കാസർകോട് ചില മാധ്യമപ്രവർത്തകർക്ക് കൊവിഡ് രോ​ഗബാധയ്ക്ക് സാധ്യതയുണ്ടോ എന്ന് ആശങ്കയുണ്ട്. അവിടെ രണ്ട് മാധ്യമപ്രവർത്തകരുടെ അടുത്ത ബന്ധുക്കൾക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ആ മാധ്യമ പ്രവർത്തകരും അവരുമായി അടുത്ത് ഇടപഴകിയവരും പ്രത്യേകം സൂക്ഷിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം. 

വിവിധ സംഘടനകൾ ഇടപെട്ട് ഭക്ഷണവിതരണത്തിന് മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇന്ത്യൻ ഓയിൽ കോർപറേഷൻ കാസർകോട് മെഡിക്കൽ കോളേജിൽ അത്യാവശ്യഉപകരണങ്ങൾ വാങ്ങാൻ 65 ലക്ഷം രൂപ നൽകാം എന്നറിയിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ബാധിതർക്കായി സത്യസായി ബാബ മിഷൻ നിർമ്മിച്ച വീടുകൾ ഐസൊലേഷനായി വിട്ടു നൽകാം എന്നറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios