Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 8 പേർക്ക്

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ കണക്കുകൾ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ അയൽ സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു.

Covid 19 Kerala Daiy UPdate chief minister pinarayi vijayan address to the state
Author
Trivandrum, First Published Apr 23, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്, എട്ട് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയിൽ നാല് പേർക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേർക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. കാസർകോട് ആറ് പേർക്കും, മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്. ഇന്ന് സമ്പർക്കം മുലം രോഗ ബാധ ഉണ്ടായത് നാല് പേർക്കാണ്, ഇത് വരെ സംസ്ഥാനത്ത് 447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ അയൽ സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു.  സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 23439 പേർ വീടുകളിലും 437 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20326 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കണ്ണൂരിൽ 2592 പേർ നിരീക്ഷണത്തിലുണ്ട്. കാസർകോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തുടരും. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിയന്ത്രണങ്ങൾ നിലവിലെ അതേ നിലയിൽ തുടരും. നേരത്തെ പോസിറ്റീവ് കേസില്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇളവ് നൽകിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകൾ വന്നു. അതിനാൽ ഇവയെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ചിലേക്ക് മാറ്റുന്നു.

ഓറഞ്ച് മേഖലയിലെ പത്ത് ജില്ലകളിൽ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകളെ ഒരു യൂണിറ്റായി എടുക്കും. ഇവ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുനിസിപ്പൽ അതിർത്തിയിൽ വാർഡുകളാണ് യൂണിറ്റ്. കോർപ്പറേഷനുകളിൽ ഡിവിഷനുകളാണ് യൂണിറ്റ്. ആ വാർഡുകളും ഡിവിഷനുകളുമാണ് മുനിസിപ്പൽ, കോർപ്പറേഷൻ അതിർത്തികളിൽ അടച്ചിടുക.

മുഖ്യമന്ത്രിയുടെ വാക്കുകൾ: 

തൊക്കെ പ്രദേശം ഹോട്സ്പോട്ടുകളാണെന്ന് ജില്ലാ ഭരണകൂടങ്ങൾ തീരുമാനിക്കും. കണ്ണൂരിൽ പരിയാരം മെഡിക്കൽ കോളേജിലെയും, കോട്ടയം മെഡിക്കൽ കോളേജിലെയും കൊവിഡ് 19 ലാബിന് ഐസിഎംആർ അംഗീകാരം ലഭിച്ചു. കണ്ണൂരിൽ നാളെ മുതൽ കൊവിഡ് പരിശോധന ആരംഭിക്കും. ഇവിടെ നാല് റിയൽ ടൈം പിസിആർ മെഷീനുകൾ സജ്ജമാക്കി. ആദ്യ ഘട്ടത്തിൽ 15 ഉം പിന്നീട് 60 വരെയും പരിശോധന ദിവസം നടത്താനാവുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ കേരളത്തിൽ 14 സർക്കാർ ലാബുകളിൽ കൊവിഡ് 19 പരിശോധന നടത്തുവാൻ അനുമതിയായി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധന വേഗത്തിലാക്കാൻ പത്ത് റിയൽ ടൈം പിസിആർ മെഷീൻ വാങ്ങാനാണ് അനുമതി നൽകിയത്. മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായില്ല എന്നതാണ് നിലവിലെ കണക്കിൽ അനുമാനിക്കുന്നത്. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ ഇതിന്‍റെ  ഭീഷണി ഒഴിഞ്ഞിട്ടില്ല. ഇത് നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട്, കർണാടക അതിർത്തി പ്രദേശങ്ങളിലൂടെ ആളുകൾ ഇരുവശത്തേക്കും കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും. 

അത്യാവശ്യ യാത്രകൾക്ക് ജില്ല കടന്നുപോകുന്നതിന് പൊലീസ് ആസ്ഥാനത്ത് നിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നും എമർജൻസി പാസ് വാങ്ങണം.

കളയിക്കാവിളയിൽ നിന്ന് അതിർത്തി കടന്നെത്തിയ തമിഴ്നാട് സർക്കാർ സർവീസിലെ വനിതാ ഡോക്ടറെയും അവരുടെ ഭർത്താവായ ഡോക്ടറെയും ക്വാറൻ്റീൻ ചെയ്തു. ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. വാഹനങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിച്ച കൊല്ലം ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനിൽ നാല് കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കേന്ദ്രീയ വിദ്യാലയം അധ്യാപിക അതിർത്തി കടന്ന സംഭവത്തിൽ വൈത്തിരി പൊലീസ് അന്വേഷണം ആരംഭിച്ചു. അത്യാവശ്യം ഉണ്ടെങ്കിലും അന്തർ സംസ്ഥാന യാത്ര അനുവദിക്കാനാവില്ല.

സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തിൽ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി. 2254 ട്രക്കുകൾ ഇന്നലെ വന്നു. പഴം, പച്ചക്കറി ഇനങ്ങളിൽ വരവിൽ പ്രശ്നങ്ങളില്ല. എല്ലാ ഇനത്തിന്‍റെയും സ്റ്റോക് പരിശോധിച്ച് സാധനങ്ങൾ സംഭരിക്കാൻ നിർദ്ദേശം നൽകി.

തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം ഈ ഘട്ടത്തിൽ ആകാവുന്നതാണ്. അഞ്ച് പേരുൾപ്പെട്ട ടീമിന് പ്രവർത്തിക്കാമെന്നാണ് നിശ്ചയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായമുള്ളവർക്ക് രോഗബാധയ്ക്കുള്ള സാഹചര്യം കൂടുതലാണ്. ഇത് കണക്കിലെടുത്ത് 60 വയസിന് മുകളിൽ പ്രായമുള്ളവർ മെയ് മൂന്ന് വരെ മാറിനിൽക്കണം. മറ്റുള്ളവർ സുരക്ഷാ മാനദണ്ഡം പാലിച്ച് ജോലി ചെയ്യണം.

മാസ്ക് ആവശ്യത്തിന് ലഭ്യമാകുന്നുണ്ട്. കുറവുണ്ടെങ്കിൽ പരിഹരിക്കും. ചിലർ കേരളത്തിലേക്ക് ആളെ കൊണ്ടുവരാൻ കരാറെടുത്ത് പ്രവർത്തിക്കുന്നു. കർണാടകത്തിൽ നിന്ന് പണം വാങ്ങി കേരളത്തിലേക്ക് എത്തിക്കാൻ ചില ഏജൻ്റുമാർ രംഗത്തിറങ്ങിയിട്ടുണ്ട്. കർക്കശമായ നടപടി ഇവർക്കെതിരെ സ്വീകരിക്കും. 

മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് റേഷൻ നിഷേധിക്കുന്നെന്ന വാർത്ത പ്രത്യേകം പരിശോധിക്കും. തെറ്റ് ചെയ്തെങ്കിൽ കർക്കശമായ നടപടിയുണ്ടാകും. അതിർത്തി ചെക് പോസ്റ്റുകളിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കും.മഴക്കാല പൂർവ ശുചീകരണം, മാലിന്യ നിർമ്മാർജനം എന്നിവയ്ക്ക് തദ്ദേശ സ്ഥാപനങ്ങൾ കൂടുതലായി ശ്രദ്ധിക്കണം. കൈതച്ചക്ക കർഷകരിൽ നിന്ന് വാങ്ങുന്നുണ്ടെങ്കിലും, വിൽപ്പന വില കൂടുന്നത് വിപണിയെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ ഇടപെടും.

വ്യാജമദ്യ നിർമ്മാണവും ഉപഭോഗവും കൂടുന്നുണ്ട്. അത് അപകടമാണ്. എക്സൈസ് വകുപ്പ് ശക്തമായി ഇടപെടുന്നുണ്ട്. പല സാമൂഹിക പ്രശ്നങ്ങളും ആത്മഹത്യകളും റിപ്പോർട്ട് ചെയ്യുന്നു. വ്യാജമദ്യത്തിന്‍റെ വ്യാപനം അനുവദിക്കില്ല.

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവൻ പേരെയും കണ്ടെത്തി പരിശോധിച്ചു. ഇക്കാര്യത്തിൽ വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടതായി മുഖ്യമന്ത്രി. നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ സിമൻ്റ്, മണൽ, കല്ല് തുടങ്ങിയവ കിട്ടാൻ പ്രയാസമുണ്ട്. അതുകൊണ്ട് ക്വാറികൾ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകും. കേന്ദ്രസർക്കാർ ഖനനം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർദ്ദേശം അനുവദിച്ച് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി. 

കടകളിൽ സൂക്ഷിച്ച സിമന്‍റ് സംരക്ഷിക്കാൻ കടകൾ തുറക്കാൻ സൗകര്യം ഒരുക്കും. വിദേശത്ത് അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. അത്തരത്തിൽ മരുന്നെത്തിക്കാൻ കൊറിയർ സർവീസ് ലഭ്യമാക്കാമെന്ന് ഡിഎച്ച്എൽ കൊറിയർ കമ്പനി നോർക്കാ റൂട്ട്സിനെ അറിയിച്ചു. മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസിലെത്തിച്ചാൽ ഡോർ ടു ഡെലിവറിയായി എത്തിക്കും. റെഡ് സോൺ ഒഴികെയുള്ള ജില്ലകളിൽ കമ്പനി രണ്ട് ദിവസത്തിനകം ഓഫീസ് തുറക്കും. കൃസ്ത്യൻ പള്ളികളിൽ നടക്കുന്ന വിവാഹങ്ങൾ പരമാവധി 20 പേരെ പങ്കെടുപ്പിച്ച് നടത്താൻ അനുവദിക്കും.

ആരോഗ്യപ്രവർത്തകർ, പൊലീസ്, ഹോം ഡെലിവറി നടത്തുന്നവർ, സന്നദ്ധ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിവർക്കിടയിൽ സാമൂഹ്യ വ്യാപനം ഇല്ലെന്ന് ഉറപ്പാക്കാൻ റാൻഡം ടെസ്റ്റ് നടത്തും. സ്പെഷ്യൽ സ്കൂളുകൾക്ക് 23 കോടി പ്രത്യേക ധനസഹായം നൽകുന്നുണ്ട്. ഇവയെ എ ബി സി ഡി ഗ്രേഡുകളാക്കിയാണ് ഇത് നൽകുന്നത്. 12500 ഖാദി തൊഴിലാളികൾക്ക് 14 കോടി അനുവദിച്ചു. ഖാദി മേഖലയിലെ നൂൽപ്പ്, നെയ്ത്ത് തൊഴിലാളികൾക്കാണ് പ്രയോജനം ലഭിക്കുക. 

സംസ്ഥാനത്ത് ദുരന്തം നേരിടാൻ മുന്നിൽ നിൽക്കുന്നതിൽ സാമൂഹിക സന്നദ്ധ സേനയുടെ പങ്ക് മികച്ചതെന്ന് മുഖ്യമന്ത്രി. അതിപ്പോൾ നാടിന്റെ ആകെ രക്ഷയ്ക്ക് പ്രയോജനപ്പെടുന്നു. 2020 ജനുവരി ഒന്നിനാണ് സന്നദ്ധ സേന ഡയറക്ടറേറ്റ് രൂപീകരിച്ചത്. 3.40 ലക്ഷം അംഗങ്ങളാണ് ലക്ഷ്യമിട്ടത്. 3.30 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. ചുരുങ്ങിയ സമയത്തിലാണ് ലക്ഷ്യത്തിലെത്തുന്നത്.

ഓരോ ജില്ലയിലും പരമാവധി 10 കേന്ദ്രങ്ങളിൽ ഇവർക്ക് പരിശീലനം നൽകുന്നുണ്ട്. സന്നദ്ധ സേനാ രജിസ്ട്രേഷനിൽ മികച്ച പുരോഗതിയുണ്ടായി. 38000 പേർക്ക് കൊവിഡ് സാഹചര്യത്തിൽ പാസ് അനുവദിച്ചു. മരുന്ന് വിതരണം, രക്തദാനം തുടങ്ങിയ മേഖലയിൽ മികച്ച പ്രവർത്തനം സന്നദ്ധ സേന നടത്തുന്നുണ്ട്. 2.62 ലക്ഷം പുരുഷന്മാരും 53 ട്രാൻസ്ജെൻ‍ഡർമാരും 60000 ത്തിലേറെ സ്ത്രീകളുമാണ്. സർക്കാർ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ സന്നദ്ധ സേന കേരളത്തിലെന്നത് അഭിമാനകരമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സേനയുടെ ഭാഗമാകണം. പ്രവർത്തന സമയം കണക്കാക്കി ഇവരുടെ സേവനത്തിന് അംഗീകാരം നൽകുന്ന രീതി പ്രാവർത്തികമാക്കും.

സംസ്ഥാനത്തെ അങ്കണവാടികൾ അടഞ്ഞുകിടക്കുകയാണ്. 33115 അങ്കണവാടികളിലെ 66000ത്തോളം ജീവനക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. 40.24 ലക്ഷം വയോജനങ്ങളുടെ ആരോഗ്യവിവരം ഇവർ അന്വേഷിച്ച് ക്ഷേമം ഉറപ്പാക്കി.

പൂർണ്ണമായും ഡിജിറ്റലായി സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. വയോജനങ്ങളിൽ 89 ശതമാനം പേരുടെയും ആരോഗ്യം തൃപ്തികരമാണ്. മോശം ആരോഗ്യാവസ്ഥയിൽ ഉള്ള 11 ശതമാനം പേരുടെ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകി മതിയായ ചികിത്സ നൽകുന്നുണ്ട്. ഈ മേഖല പ്രത്യേകം ശ്രദ്ധിക്കേണ്ടത്. വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

ലോക്ക് ഡൗൺ സാഹചര്യത്തിൽ റെയിൽവേയുടെ സഹായം സംസ്ഥാനത്തിന് മികച്ച രീതിയിൽ ലഭിച്ചു. ചരക്ക് നീക്കം കാര്യക്ഷമമായി നടന്നുവരുന്നു. 2.90 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ഏപ്രിൽ ഒന്ന് മുതൽ 22 വരെ എത്തിച്ചു. ചുരുങ്ങിയ അളവിലുള്ള ചരക്ക് നീക്കം അനുവദിക്കാൻ പ്രതിദിന ചരക്ക് നീക്കത്തിനായി നാഗർകോവിൽ നിന്ന് കോഴിക്കോട് വരെ സർവീസ് നടത്തുന്നുണ്ട്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് സർവ്വീസ് ആരംഭിച്ചപ്പോൾ ഇതിലൂടെ ബുക് ചെയ്തത്. തദ്ദേശീയ വിളകൾ പച്ചക്കറികൾ എന്നിവയും അയക്കുന്നുണ്ട്.

തിരുവനന്തപുരം ഡിവിഷണൽ ആശുപത്രി കൊവിഡ് ആശുപത്രിയാക്കാൻ സജ്ജീകരണം നടക്കുന്നുണ്ട്. 152 മെഡിക്കൽ ജീവനക്കാരെ താത്കാലികമായി നിയമിക്കും. ഇത് റെയിൽവെ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിലും പാലക്കാടും മെഡിക്കൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. 

വ്യവസായ മേഖല കൊവിഡിനെ പ്രതിരോധിക്കാൻ ഇടപെട്ടു. പിപിഇ കിറ്റി, മാസ്ക്, വെൻ്റിലേറ്റർ എന്നിവയ്ക്ക് ലോകമാകെ ക്ഷാമം നേരിടുമ്പോൾ കേരളത്തിൽ ഇവ സ്വയം ഉൽപ്പാദിപ്പിക്കാൻ സന്നദ്ധരായി. ഇത് സംസ്ഥാനത്തിൻ്റെയാകെ നേട്ടമാണ്. കിറ്റക്സ് ഗാർമൻ്റിൽ പിപിഇ കിറ്റ് വികസിപ്പിച്ചു. കേന്ദ്ര മാനദണ്ഡ പ്രകാരം നിർമ്മിച്ചതാണ്. പ്രതിദിനം 20000 കിറ്റുണ്ടാക്കാൻ അവർക്ക് കഴിയും. കേരളത്തിൽ എൻ95 മാസ്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വ്യവസായം തുടങ്ങി. കൊച്ചിയിലെ എയ്റോഫിൽ മേക്കർ വില്ലേജിന്‍റെ സഹായത്തോടെ മാസ്ക് വികസിപ്പിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഗ്വാളിയോർ ലാബിന്‍റെ അനുമതി കാത്തിരിക്കുന്നു. 

വെന്‍റിലേറ്ററുകളുടെ ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്തത് പ്രതിസന്ധിയായി. ഇത് നേരിടാനാണ് ഇവിടെ തന്നെ വെന്‍റിലേറ്റ‌ർ നിർമ്മിക്കാനാവുമോയെന്ന് സർക്കാർ ചോദിച്ചത്. ഈ ദൗത്യം  ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. അവർ പത്ത് ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരമുള്ള വെന്‍റിലേറ്റർ വികസിപ്പിച്ചു. കേരളത്തിലെ ഡോക്ടർമാർ ഇതിന്‍റെ പ്രവർത്തനം വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തി. അനുമതി വാങ്ങിയ ശേഷം ഇവ ലഭ്യമാക്കാൻ സാധിക്കും. 

ബ്രിട്ടീഷ് പൗരന്മാർക്ക് സ്വദേശത്ത് പോകാൻ നൽകിയ സഹായത്തിന് ബ്രിട്ടൻ്റെ ഹൈക്കമ്മീഷണർ ജെർമി പിൽമോ നന്ദി അറിയിച്ചു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബ്രയാനോടും ഭാര്യയോടും അദ്ദേഹം സംസാരിച്ചുവെന്ന് അറിയിച്ചു.

റമദാൻ മാസം തുടങ്ങുകയാണ്. അതിനൊരുങ്ങുന്ന സഹോദരങ്ങളെ ആശംസിക്കുന്നു. നോമ്പ് കാലത്ത് ഭക്ഷണശാലകൾക്ക് പാർസൽ നൽകാനുള്ള സൗകര്യം രാത്രി പത്ത് വരെ അനുവദിക്കും. പഴവർഗങ്ങളുടെ വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മുൻ എംപിമാർ, എംഎൽഎമാർ എന്നിവരോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിക്കുന്നു.

വർക്കല മണ്ഡലത്തിലെ സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും വ്യക്തികളും ചേർന്ന് 57 ലക്ഷം നൽകി. കക്കട്ടിൽ റൂറൽ സർവീസ് ജീവനക്കാർ 25 ലക്ഷം നൽകി. കൊടുവള്ളി എളേറ്റിൽ പുല്ലടി ഷാജഹാന്റെ മകൻ തന്റെ സുന്നത്ത് കർമ്മത്തിൻ്റെ സഹായമായി ലഭിച്ച 51000 രൂപ നൽകി. വഖഫ് ബോർഡ് ചെയർമാൻ ടികെ ഹംസ 1.50 ലക്ഷം നൽകി. പെരിങ്ങമല യൂപി സ്കൂൾ വിദ്യാർത്ഥി അജു എസ് തന്‍റെ ഭിന്നശേഷി പെൻഷൻ കൈമാറി. നാവായിക്കുള്ളം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ വിഷുക്കൈനീട്ടമായി ലഭിച്ച 11000 രൂപ കൈമാറി. ബാലഗോകുലം വിവിധ ജില്ലകളിലെ കുട്ടികളിൽ നിന്ന് സമാഹരിച്ച നാല് ലക്ഷം രൂപ കൈമാറി.

Follow Us:
Download App:
  • android
  • ios