തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കൊവഡ് 19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് കേരള സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ ആദ്യത്തെ പാസ് റദ്ദാക്കി റെയിൽ മാർഗം വരുന്നുവെന്ന് കാണിച്ച് പുതുക്കിയ പാസ് എടുക്കണമെന്നും നിർദ്ദേശമുണ്ട്. 

രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്:  https://covid19jagratha.kerala.nic.in/

മുമ്പ് പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. കേരളത്തിലിറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൻ്റീനിൽ പോകണം. ഹോം ക്വാറൻ്റീൻ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറൻ്റീനിലേക്ക് മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും.

റെയില്‍വെ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും യാത്രക്ക് ശേഷം ഡ്രൈവര്‍ ഹോം ക്വാറൻ്റീൻ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. റെയില്‍വെ സ്റ്റേഷനില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് അറിയിപ്പ്.

കൊവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

ട്രെയിനുകൾ നാളെ മുതൽ

ലോക്ക് ഡൗൺ ആരംഭിച്ച ശേഷം ദില്ലിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുറപ്പെടും. ആദ്യ ട്രെയിൻ  (02432)രാജധാനി എക്സ്പ്രസിന്റെ സമയക്രമം പാലിച്ചു നാളെ രാവിലെ 11.25നാണ് പുറപ്പെടുക. തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള സർവീസ് 15 മുതലാണ്. കേരളത്തിലേക്കുള്ള ബുക്കിങ് ഇന്നലെ രാത്രി ഒൻപതിനാണ് ആരംഭിച്ചത്. തിരക്ക് കൂടുന്നതതനുസരിച്ച് നിരക്ക് കൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണുള്ളത്. 

ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലാണ് ദില്ലി– തിരുവനന്തപുരം സ്പെഷൽ ട്രെയിൻ (02432). തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള സർവീസ് (02431) വെള്ളി, വ്യാഴം, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 7.45നു പുറപ്പെടും. തിരുവനന്തപുരം, എറണാകുളം സൗത്ത്, കോഴിക്കോട്, മംഗളൂരു, മഡ്ഗാവ്, പൻവേൽ, വഡോദര, കോട്ട എന്നിവിടങ്ങളിലാണു സ്റ്റോപ്. ബുധൻ, ഞായർ ദിവസങ്ങളിലാണ് കേരളത്തിലേക്കും കേരളത്തിൽ നിന്ന് ട്രെയിൻ സർവീസുകൾ ഉണ്ടാവുക. ഈ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളിൽ വിറ്റുതീർന്നു. വെള്ളിയാഴ്ചത്തെ തിരുവനന്തപുരം-ദില്ലി ട്രെയിനിന്റെ ടിക്കറ്റുകളും തീര്‍ന്നു. 

കേരളത്തിലെ സ്റ്റോപ്പും സമയവും

  • ദില്ലി – തിരുവനന്തപുരം: കോഴിക്കോട്ട് പിറ്റേന്നു രാത്രി 9.52, എറണാകുളത്ത് മൂന്നാം ദിനം പുലർച്ചെ 1.40, തിരുവനന്തപുരത്ത് പുലർച്ചെ 5.25
  • തിരുവനന്തപുരം– ദില്ലി: എറണാകുളത്ത് രാത്രി 11.10, കോഴിക്കോട്ട് പുലർച്ചെ 2.47. മൂന്നാംദിവസം ഉച്ചക്ക് 12.40ന് ദില്ലിയില്‍ എത്തും.