തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളിൽ നിന്നുള്ള ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചെലവു കുറഞ്ഞ റാപ്പിഡ് ടെസ്റ്റ് കിറ്റിന് കരാ‌ർ നൽകിയിട്ടും കിറ്റുകളെത്താൻ ഐസിഐംആറിന്റെ അനുമതി കാത്തിരിക്കുകയാണ് കേരളം.

രണ്ട് ദിവസം മുൻപാണ് 3000 പേരുടെ സാപിളുകളെടുത്തുള്ള അധിക പിസിആർ പരിശോധന കേരളം തുടങ്ങിയത്. ഇതിൽ ഉൾപ്പെട്ട ഫലങ്ങളടക്കം ഇന്ന് പ്രതീക്ഷിക്കുന്നു. ഹോട്സ്പോട്ട് പ്രദേശങ്ങളിലെ റാൻഡം പരിശോധനയാണ് നടന്നത്. 

നിരീക്ഷണത്തിലുള്ളവരും സമ്പർക്കമുള്ളവർക്കും പുറമെ കൊവിഡ് പ്രതിരോധം, ക്രമസമാധാന പാലനം, ജനങ്ങളുമായി ഇടപഴകുന്നവർ എന്നിവർ അടക്കമുള്ളവർക്ക് മുൻഗണന നൽകിയായിരുന്നു സാംപിൾ പരിശോധന. ജനപ്രതിനിധികൾക്കും തദ്ദേശസ്ഥാപന ജീവനക്കാർക്കും കച്ചവടക്കാർക്കുമൊക്കെ പരിശോധന നടത്തി. ഇന്ന് കൂടുതൽ കേസുകൾ വരാനുള്ള സാധ്യതയുണ്ട്. 

തുടർന്നും കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് 300 വീതം സാംപിളുകൾ എടുക്കും. മറ്റ് ജില്ലകൾക്ക് തോതനുസരിച്ച് 200, 150 എന്നിങ്ങനെയാണ് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യം പരിശോധന. ഇതിലൂടെ സമൂഹവ്യാപനം കണ്ടെത്താനാകും. 

പ്രവാസികളടക്കം കൂട്ടത്തോടെ മങ്ങിയെത്തുന്നത് മുൻകൂട്ടി കണ്ടുള്ള മുന്നൊരുക്കം കൂടിയാണിത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിരിക്കെ ടെസ്റ്റുകൾക്കായി അനുമതി വൈകുന്നതാണ് പ്രതിസന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് കേരളം ഹിന്ദുസ്ഥാൻ ലാറ്റക്സിന് കരാർ നൽകിയിരുന്നു. ഒരു ലക്ഷത്തോളം കിറ്റുകൾ സജ്ജമാണെന്നാണ് വിവരം. എന്നാൽ കിറ്റ് വിതരണത്തിനും ഉപയോഗിത്തിനും ഐസിഎംആർ ഇതുവരെ അനുമതി നൽകിയിട്ടില്ല. 

രാജ്യത്ത് നേരത്തെ നിലവാരം കുറഞ്ഞ ചൈനീസ് കിറ്റുകൾ ഇറക്കുമതി ചെയ്തത് വിവാദമായിരുന്നു. 245 രൂപയുടെ കിറ്റുകൾക്ക് 600 രൂപ വിലയിട്ടാണ് ചൈനീസ് കമ്പനികൾ ഇന്ത്യയ്ക്ക് വിറ്റത്. ദില്ലി ഹൈക്കോടതി വിശദമായി ഇക്കാര്യം പരിശോധിച്ചപ്പോഴാണ് കിറ്റുകളുടെ പേരിലുള്ള തീവെട്ടിക്കൊള്ള പുറത്തുവന്നത്.

ഇത്ര വില ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനി നിർമിച്ച കിറ്റുകൾക്കില്ല. കിറ്റൊന്നിന് 336 രൂപ നിരക്കിലാണ് കേരളസർക്കാരിന് ഹിന്ദുസ്ഥാൻ ലാറ്റക്സ് കിറ്റുകൾ നൽകുന്നത്. പ്രതിരോധ ശേഷി കൈവരിച്ചവരിലെ ഐജിജി ആന്‍റിബോഡി കണ്ടെത്താനും കിറ്റ് സഹായിക്കും. 

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കൈമാറിയ ആർടി ലാംപ് കിറ്റ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാക്കിയ റാപ്പിഡ് ആന്റിബോഡി കിറ്റ് എന്നിവയ്ക്കും അനുമതിയായിട്ടില്ല. ശ്രീചിത്രയുടെ ആർഎൻഎ വേർതിരിക്കുന്ന കിറ്റിനും അനുമതിയാകേണ്ടതുണ്ട്. സംസ്ഥാനത്ത് കിറ്റുകൾക്ക് ക്ഷാമമുണ്ടെന്ന് കഴിഞ്ഞ ദിവസം സർക്കാർ സമ്മതിച്ചിരുന്നു. പരിശോധനകൾ തുടരുകയാണെന്നും ഉടൻ തീരുമാനമാകുമെന്നും ആണ് വിശദീകരണം.