പത്തനംതിട്ട: മഹാരാഷ്‌ട്രയിലെ കൊവിഡ് 19 ബാധിത പ്രദേശമായ താനയിൽ നിന്ന് നാട്ടിലെത്തിയവരെ സ്വന്തം പഞ്ചായത്തിലും നാട്ടിലും പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി പരാതി. പത്തനംതിട്ട പെരുനാട് മാമ്പാറ സ്വദേശികളാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതിയുമായി എത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇവർക്ക് താൽക്കാലിക ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്തി.

താനയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പെരുനാട് മാമ്പാറ പാലയ്ക്കൽ സുരേന്ദ്രനും കുടുംബവും നാട്ടിൽ എത്തിയത്. എറണാകുളം വരെ ടാക്സിയിലും തുടർന്ന് ആംബുലൻസിലാണ് വടശേരിക്കരയിൽ എത്തിയത്. പെരുനാട് പഞ്ചായത്തിലാണ് ഇവരുടെ വീട്. വടശേരിക്കര പഞ്ചായത്തിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ പ്രവേശിക്കുവാൻ പെരുനാട് പഞ്ചായത്ത് അധികൃതർ നിർദേശിച്ചു. വടശേരിക്കര പഞ്ചായത്ത് ഇത് അനുവദിച്ചുമില്ല. സ്വന്തം നാട്ടിൽ തന്നെ ഒരു വീട് ഏർപ്പെടുത്തിയെങ്കിലും നാട്ടുകാർ എതിർത്തു. 

Read more: ഇന്നുമുതല്‍ കെഎസ്ആർടിസി നിരത്തില്‍; യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍; അറിയേണ്ടവ

പിന്നീട് കോട്ടയം അതിർത്തിയിലുള്ള പമ്പാവാലിയിൽ ലോഡ്ജിൽ പോകാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. ഹൃദ്രോഗികളടക്കം സംഘത്തിലുള്ളതിനാൽ അടുത്ത് ആശുപത്രി ഇല്ലാത്ത ഇവിടേക്ക് പോകാനാകില്ലെന്ന് കുടുംബം പറഞ്ഞു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പഞ്ചായത്തംഗം ഇടപെട്ട് താൽക്കാലികമായി വീട് ഒരുക്കി. അതേസമയം രണ്ട് ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് പോകാൻ കുടുംബം തയ്യാറാകാത്തതാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് പെരുനാട് പഞ്ചായത്തിന്‍റെ വാദം.

Read more: കൊവിഡ് പ്രതിരോധം; ശൈലജ ടീച്ചറെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ