തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇന്‍റർനെറ്റ് ഉപഭോഗത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വർധന കൈകാര്യം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ. നിലവിലെ നെറ്റ്‍വ‍ർക്ക് ഉപഭോഗത്തിൻ്റെ 30 ശതമാനം മുതൽ 40 ശതമാനം വരെ വർധനവുണ്ടായാലും പ്രശ്നങ്ങളില്ലാതെ കൈകാര്യം ചെയ്യാനാകുമെന്നാണ് ടെലികോം കമ്പനികൾ സംസ്ഥാന ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അറിയിച്ചത്. ഇന്നലെ നടന്ന ചർച്ചയിൽ ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിനിധികളും പങ്കെടുത്തിരുന്നു. 

നിലവിലെ സാഹചര്യം നേരിടാൻ പൂർണ്ണമായും സജ്ജമാണെന്നാണ് സേവനദാതാക്കൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ദിവസവും ബാൻഡ്‍വിഡ്ത് ഉപഭോഗം നിരീക്ഷിക്കുകയും ഉച്ചയ്ക്ക് 12 മണിക്ക് സർക്കാരിന് ദൈനം ദിന റിപ്പോർട്ട് നൽകുകയും ചെയ്യാൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ അവലോകനം ചെയ്ത് പെട്ടെന്നുണ്ടാകുന്ന ഉപഭോഗ വർദ്ധനവ് സേവനദാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ പറയുന്നത്. 

ഇന്റർനെറ്റ് ഉപഭോഗത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധന കാരണം ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്ന ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പരാതികൾ ടെലികോം സേവന ദാതാക്കളുടെ പരാതി പരിഹാര നമ്പറിലോ കേരള സർക്കാർ കാൾസെന്റർ നമ്പരായ 155300 ത്തിലോ അറിയിക്കാവുന്നതാണ്. എന്നാൽ ഇത്തരം പരാതികളിൽ നിന്നും നിലവിലെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിലെ അപര്യാപ്തത മൂലമുള്ള പരാതികൾ കർശനമായും ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

കൂടുതൽ പേർ ക്വാറൻ്റൈൻ നടപടികളുടെ ഭാഗമായി വീടുകളിൽ ചെലവഴിക്കുന്നത് മൊത്തത്തിലുള്ള ഇന്‍റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കുമെന്നതിനാൽ ബാൻഡ് വിഡ്ത്ത് , കണക്ടിവിറ്റി എന്നിവ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാർത്താ സമ്മേളനത്തിൽ വ്യക്താക്കിയിരുന്നു. 

കോച്ചിംഗ് സെന്‍ററുകളടക്കം അടച്ചിരിക്കുന്ന സാഹചര്യത്തിൽ എൻട്രൻസ് പരിശീലന ക്ലാസുകൾ അടക്കം ഓൺലൈനാക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. പല ഐടി കമ്പനികളും ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അനുമതിയും നൽകുന്നുണ്ട്. ഇതിന് പുറമേ കൂടുതൽ പേർ വാർത്തകൾക്കും വിനോദത്തിനും മറ്റും ഇൻ്റർനെറ്റ് സേവനങ്ങളെ ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന അധിക ട്രാഫിക് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നതാണ് വെല്ലുവിളി. 

വിവരകൈമാറ്റത്തിനും, ബോധവൽക്കരണത്തിനുമെല്ലാം ഇൻ്റ‍ർനെറ്റ് സേവനങ്ങൾ അവശ്യമാണെന്നിരിക്കെ മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം സാമൂഹ മാധ്യമങ്ങൾ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രായോഗിക തലത്തിൽ ഇതെങ്ങനെ പ്രതിഫലിക്കുമെന്നാണ് അറിയേണ്ടത്. 

മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റ്

കോവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തിൽ നെറ്റ്‌വർക്ക് ക്ഷമതയുടെ 30 മുതൽ 40 ശതമാനം വരെ അടിയന്തര സാഹചര്യങ്ങളിൽ വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന് ടെലികോം സേവനദാതാക്കൾ സർക്കാരിനെ അറിയിച്ചു. ഇലക്ട്രോണിക്സ് & വിവര സാങ്കേതികവിദ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, കേരള സർക്കിളിലെ വിവിധ ടെലികോം സേവന ദാതാക്കളും, കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. ഇന്റർനെറ്റ് ഉപഭോഗം കൂടുതലാകാനുള്ള സാഹചര്യം പരിഗണിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്ന് ടെലികോം സേവന ദാതാക്കളോട് യോഗത്തിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇൻ്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താൻ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ ബഹുഭൂരിപക്ഷവും തദ്ദേശീയമായ സെർവറുകൾ വഴി തന്നെ ലഭ്യമാക്കിയിട്ടുള്ളതാണ്. മാത്രമല്ല അന്തർദേശീയ ഇന്റർനെറ്റ് ട്രാഫിക് മൊത്തം ഉപഭോഗത്തിന്റെ വളരെ കുറഞ്ഞ അളവിൽ മാത്രമാണുള്ളത്.

നിലവിലെ സാഹചര്യം നേരിടുവാൻ പൂർണമായും സജ്ജമാണെന്ന് ടെലികോം സേവനദാതാക്കൾ അറിയിച്ചു.

ഇന്റർനെറ്റ് ഉപഭോഗത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധന കാരണം ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്ന ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പരാതികൾ ടെലികോം സേവന ദാതാക്കളുടെ പരാതി പരിഹാര നമ്പറിലോ കേരള സർക്കാർ കാൾസെന്റർ നമ്പരായ 155300 ത്തിലോ അറിയിക്കാവുന്നതാണ്. എന്നാൽ ഇത്തരം പരാതികളിൽ നിന്നും നിലവിലെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിലെ അപര്യാപ്തത മൂലമുള്ള പരാതികൾ കർശനമായും ഒഴിവാക്കേണ്ടതാണ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.ടി.വകുപ്പ് വിവിധ ടെലികോം സേവന ദാതാക്കളിൽ നിന്നും ദൈനംദിന റിപ്പോർട്ട് ആവശ്യപ്പെടും. ഇതു കിട്ടുന്ന മുറയ്ക്ക് ഈ റിപ്പോർട്ടുകൾ അവലോകനം ചെയ്ത് പെട്ടെന്നുണ്ടാകുന്ന ഉപഭോഗ വർദ്ധനവ് സേവനദാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾ സ്വീകരിക്കുന്നതാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക